ഓസ്‌കര്‍ പിസ്റ്റോറിയസിനുള്ള ശിക്ഷ ഇന്ന്

പ്രിട്ടോറിയ: കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്റര്‍ ഓസ്‌കര്‍ പിസ്റ്റോറിയസിനുള്ള ശിക്ഷ ഇന്ന് വിധിക്കും. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഒരാഴ്ച നീണ്ട അന്തിമവിചാരണയ്‌ക്കൊടുവിലാണ് പിസ്റ്റോറിയസിന് ശിക്ഷ വിധിക്കുന്നത്. പ്രിട്ടോറിയയിലെ പ്രത്യേക കോടതി ജഡ്ജ് തോകോസിലെ മാസിപയാണ് ശിക്ഷ വിധിക്കുക. പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് സമൂഹത്തിനുയര്‍ത്തിയ വെല്ലുവിളിയും ജീവിതത്തിലേക്കു മടങ്ങാനുള്ള താരത്തിന്റെ ആഗ്രഹവും തുലനം ചെയ്യുന്ന വിധിയായിരിക്കും പ്രഖ്യാപിക്കുക.

കഴിഞ്ഞയാഴ്ചയാണ് പിസ്റ്റോറിയസിന് ശിക്ഷ വിധിക്കുന്നതിനു മുന്നോടിയായുള്ള അന്തിമവിചാരണ ആരംഭിച്ചത്. മൂന്നു വര്‍ഷത്തെ വീട്ടു തടങ്കലും തെറ്റുതിരുത്തലിന്റെ ഭാഗമായി 16 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനവും വിധിച്ചാല്‍ മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. പിസ്റ്റോറിയസ് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും ശിക്ഷയില്‍ ഇളവു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2013 ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍ക്യാമ്പിനെ വെടിവെച്ചു കൊന്നത്. കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റമാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. സംഭവം കൊലപാതകമായി തന്നെ കാണണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Top