ഓള്‍ സ്റ്റാര്‍ സീരിയസ്: സച്ചിന്റെ ബ്ലാസ്‌റേഴ്‌സിനെ വീഴ്ത്തി വോണിന്റെ വാരിയേഴ്‌സ്

ന്യൂയോര്‍ക്ക്: ക്രിക്കറ്റിനെ നെഞ്ചോടു ചേര്‍ത്തു വയ്ക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച ഇതിഹാസ താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ ആദ്യ ജയം മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ണ്‍ വോണ്‍ നയിച്ച വോണ്‍ വാരിയേഴ്‌സിന്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സച്ചിന്‍സ് ബ്ലാസ്‌റേഴ്‌സിനെ ആറു വിക്കറ്റിനാണു വോണും സംഘവും പരാജയപ്പെടുത്തിയത്.

ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍സ് ബ്‌ളാസ്‌റേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ വോണിന്റെ തീരുമാനം തെറ്റിയെന്നു തോന്നിപ്പിക്കും വിധമായിരുന്നു ബ്ലാസ്‌റേഴ്‌സിന്റെ തുടക്കം. ലോകക്രിക്കറ്റിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട സച്ചിനും സേവാഗുമായിരുന്നു ബ്ലാസ്‌റേഴ്‌സിനായി ഇന്നിംഗ്‌സ് തുറന്നത്.

കരുതലോടെ തുടങ്ങിയ സച്ചിനും സേവാഗും കളിയുടെ നിയന്ത്രണമേറ്റെടുത്തു സ്‌കോറിംഗിനു വേഗം കൂട്ടിയതോടെ വോണ്‍ ബൌളര്‍മാരെ മാറിമാറി പരീക്ഷിച്ചു. കൂട്ടത്തില്‍ ഏറ്റവും അപകടകാരി സേവാഗായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ദിവസങ്ങള്‍ മുന്‍പു മാത്രം വിരമിച്ച സേവാഗ് തന്നെ വിരമിക്കലിനു പ്രേരിപ്പിച്ചവര്‍ക്കുളള മറുപടിയെന്നോണമായിരുന്നു ബാറ്റ് വീശിയത്.

പക്ഷേ വോണ്‍ ബൌള്‍ ചെയ്യാനെത്തിയതോടെ കഥമാറി. തന്റെ ആദ്യ ഓവറില്‍ തന്ന മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സച്ചിനെ വോണ്‍ വീഴ്ത്തി. മികച്ചൊരു ഷോട്ടിന് മുതിര്‍ന്ന സച്ചിനെ ജാക്വസ് കാലിസ് വായുവിലുയര്‍ന്നു പിടിച്ചു പുറത്താക്കുകയായിരുന്നു. 27 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം 26 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ബ്ലാസ്‌റേഴ്‌സ് സ്‌കോര്‍ അപ്പോള്‍ 85ല്‍ എത്തിയിരുന്നു.

സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുന്‍പ് സേവാഗും വീണു. 22 പന്തില്‍ എണ്ണം പറഞ്ഞ ആറു കൂറ്റന്‍ സിക്‌സറുകളുടെയും രണ്ടു ഫോറുകളുടെയും പിന്തുണയോടെ 55 റണ്‍സെടുത്ത സേവാഗ് വെട്ടോറിയുടെ പന്തില്‍ ക്ലീന്‍ബൌള്‍ഡാവുകയായിരുന്നു. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഒടുവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സോടെ ബ്ലാസ്‌റേഴ്‌സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 22ലെത്തിയപ്പോള്‍ ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരായിരുന്ന ജാക്ക് കാലിസും മാത്യു ഹെയ്ഡനും പവലിയനില്‍ തിരികെയെത്തിയിരുന്നു. എന്നാല്‍ റിക്കി പോണ്ടിംഗും കുമാര്‍ സംഗക്കാരയും ഒത്തു ചേര്‍ന്നതോടെ കളിയുടെ ഗതിമാറി. സ്‌കോര്‍ 102ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 41 റണ്‍സെടുത്ത സംഗക്കാരയെ പുറത്താക്കി അക്തറാണു ബ്ലാസ്‌റേഴ്‌സിനു ബ്രേക്ക്ത്രൂ നല്‍കിയത്. പക്ഷേ അപ്പോഴേക്കും കളി ബ്ലാസ്‌റേഴ്‌സിന്റെ കൈയില്‍ നിന്നും വഴുതിയിരുന്നു.

സംഗക്കാര 29 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ 38 പന്തില്‍ 48 റണ്‍സായിരുന്നു പോണ്ടിംഗിന്റെ സംഭാവന. ഒടുവില്‍ 18ാം ഓവര്‍ എറിയാനെത്തിയതു സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിനെറിഞ്ഞ രണ്ടാം പന്ത് തേര്‍ഡ്മാന്‍ ബൌണ്ടറിയിലേക്കു സിക്‌സറിനു പറത്തി ജോണ്ടി റോഡ്‌സ് വോണ്‍ വാരിയേഴ്‌സിനു പ്രതീക്ഷിച്ച വിജയം സമ്മാനിച്ചു.

Top