ഓര്‍മ്മയുണ്ടോ വെള്ളാപ്പള്ളി അഞ്ജുവിനെ…? കോഴപ്പണത്തിന് ബലിയാടായ ബാല്യത്തെ..

ഈഴവ സമൂഹത്തിന്റെ രക്ഷകനായി സ്വയം അവതരിച്ച ശ്രീ വെള്ളാപ്പള്ളീ, ഓര്‍മ്മയുണ്ടോ താങ്കള്‍ക്ക് അഞ്ജുവിനെ?

ചെമ്പഴന്തിയിലെ എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി 5000 രൂപ തലവരി പണം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അഞ്ജുവിനെ വെള്ളാപ്പള്ളി മറന്നാലും കേരളം മറക്കില്ല.

അര്‍ധപട്ടിണിക്കാരനായ കയര്‍ തൊഴിലാളിയുടെ സ്വപ്നമാണ് എസ്എന്‍ ട്രസ്റ്റ് അധികൃതരുടെ കോഴപണ ആര്‍ത്തിയില്‍ കത്തിച്ചാമ്പലായത്.

ഈഴവ സമൂഹത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ‘ഉന്നമനം’ ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വെള്ളാപ്പള്ളി നടേശനോട് നിങ്ങളുടെ തന്നെ സമുദായത്തില്‍പ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളുടെ കണ്ണീര്‍ സാക്ഷിയാക്കി ചോദിക്കട്ടെ, ആര്‍ക്കുവേണ്ടിയാണ് താങ്കള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നത്? ആരുടെ അവകാശമാണ് താങ്കള്‍ ഇന്നുവരെ സംരക്ഷിച്ചത്?

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയില്‍ പിറന്ന ഈഴവ കുട്ടിക്ക് പോലും എസ്എന്‍ഡിപി യോഗത്തില്‍നിന്നും ലഭിക്കാത്ത നീതി ഇനി പുതിയ രാഷ്ട്രീയ മുന്നണിയുടെ രൂപീകരണത്തോടെ ലഭിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മാത്രം മലയാളികള്‍ വിഡ്ഢികളല്ല.

സ്‌കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളെജ് വരെ പടര്‍ന്നു പന്തലിച്ച എസ്എന്‍ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരി പണം നല്‍കാത്ത സ്വന്തം സമുദായത്തില്‍പ്പെട്ട എത്രപേര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്?

ഈ സ്ഥാപനങ്ങളില്‍ തൂപ്പുകാരന്‍ മുതല്‍ അധ്യാപകര്‍ വരെയുള്ള തസ്തികകളില്‍ ലക്ഷങ്ങള്‍ വാങ്ങാതെ ആരെയാണ് നിയമിച്ചിട്ടുള്ളത്?

ഇന്ത്യന്‍ പ്രധാനമന്ത്രിക്കുമുന്നില്‍ നിന്ന് സമുദായ സ്‌നേഹത്താല്‍ ‘കണ്ണീരണഞ്ഞ’ വെള്ളാപ്പള്ളി ഒരു കാര്യം ഓര്‍ക്കണം,

പിടിയരി പിരിച്ചും കൊട്ടതേങ്ങ ശേഖരിച്ചും മഹാനായ ആര്‍ ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിനു കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത് പാവപ്പെട്ടവന് അക്ഷരവെളിച്ചം നല്‍കാനുള്ള ദീര്‍ഘ ദൃഷ്ടി മുന്‍നിര്‍ത്തിയായിരുന്നു. ആ മഹത്തായ പാരമ്പര്യത്തെയാണ് ഇപ്പോള്‍ സമുദായസ്‌നേഹത്തിന്റെ പേരില്‍ കച്ചവടച്ചരക്കാക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ പിന്തുടര്‍ച്ചക്കാരായ മഹാന്മാരായ കവി കുമാരനാശാന്‍, ഡോ. പല്‍പ്പു, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സി കേശവന്‍, ആര്‍ ശങ്കര്‍, പത്രാധിപര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കിയ പ്രകാശമാണ് ഇപ്പോള്‍ സങ്കുചിത താല്‍പര്യത്തിന്റെ പേരില്‍ ഊതി കെടുത്താനൊരുങ്ങുന്നത്.

രണ്ട് പതിറ്റാണ്ടോളമായി മഹത്തായ പാരമ്പര്യമുള്ള സംഘടനയെ… അതിന്റെ ഉദ്ദേശ ശുദ്ധിയെയും ലക്ഷ്യങ്ങളെയും തകര്‍ത്തെറിഞ്ഞാണ് ഇപ്പോഴത്തെ യോഗം നേതൃത്വം നയിക്കുന്നത്.

താനും ഭാര്യയും പിന്നെ മകനും എന്ന രൂപത്തില്‍ യോഗ തലപ്പത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി മാറുന്നവര്‍ ചരിത്രത്തോട് കാണിക്കുന്ന നീതിനിഷേധത്തോട് കേരളീയ സമൂഹമാണ് ഇനി മറുപടി പറയേണ്ടത്.

എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വന്നപ്പോള്‍ തന്നെ വെള്ളാപ്പള്ളിക്ക് നേരെ ഉയര്‍ന്നു വന്നത് കോടിയുടെ കോഴ ആരോപണങ്ങളാണ്. അത് ഉന്നയിച്ചതാകട്ടെ സഹപ്രവര്‍ത്തകരും പ്രതിപക്ഷ നേതാവും. ഇദ്ദേഹമാണോ ഇനി കേരളത്തെ നയിക്കേണ്ടത്…?

Team Express Kerala

Top