നാളെ ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് ഫൈനല്‍; ഓര്‍മകളില്‍ തെളിയുന്ന ഒരു അണ്ടര്‍ആം ബൗളിങ്

വര്‍ഷം 34 കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇന്നും ആ അണ്ടര്‍ആം ബൗളിങ്ങിന്റെ കറ മാഞ്ഞുപോയിട്ടില്ല ചാപ്പല്‍ സഹോദരന്‍മാരുടെയും ഓസ്‌ട്രേലിയയുടെയും മഞ്ഞക്കുപ്പായങ്ങളില്‍നിന്ന്. മെല്‍ബണില്‍ നാളെ മറ്റൊരു ഫൈനലില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരിക്കല്‍ക്കൂടി ഓര്‍മകളില്‍ തെളിയുകയാണ് ആ പാപക്കറ.

1981 ഫെബ്രുവരി ഒന്നിനായിരുന്നു അത്. വേദി ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കുന്ന ഇതേ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്. വേള്‍ഡ് സീരീസ് ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനല്‍. മത്സരം ടൈയാക്കാന്‍ അവസാന പന്തില്‍ ന്യൂസിലാന്‍ഡിനു വേണ്ടത് ആറു റണ്‍സ്. പന്ത് ട്രെവര്‍ ചാപ്പലിന്റെ കൈയില്‍. ജ്യേഷ്ഠന്‍ ട്രെവര്‍ ചാപ്പലാണ് ക്യാപ്റ്റന്‍. അണ്ടര്‍ആം പന്തെറിയാനായിരുന്നു ഉത്തരവ്. ട്രെവര്‍ അക്ഷരംപ്രതി അനുസരിച്ചു. പന്ത് മുട്ടിയിട്ട് ബാറ്റും വലിച്ചെറിഞ്ഞ് ലോകത്തെ മുഴുവന്‍ ശപിച്ച് നെഞ്ചുവിരിച്ച് നടന്നകന്നു ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ ബ്രയന്‍ മക്കെച്‌നി.

നിയമപരമായി ഒരു തെറ്റുമില്ലായിരുന്നു ആ ഡെലിവറിക്ക്. അണ്ടര്‍ആം ബൗളിങ് അന്നു നിരോധിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ആ പന്തേറിന്റെ ധാര്‍മിക ബാധ്യത പിന്നീടുള്ള ഓരോ ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് മത്സരങ്ങളിലും പ്രതിഫലിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ഉദയ മുഹൂര്‍ത്തമെന്നാണ് അന്നത്തെ സംഭവത്തെ മുന്‍ ക്യാപ്റ്റന്‍ ജെഫ് ഹൗറത്ത് വിശേഷിപ്പിക്കുന്നത്. നാട്ടില്‍ ക്രിക്കറ്റ് എന്ന ഗെയിമിലും ന്യൂസിലാന്‍ഡിന്റെ ക്രിക്കറ്റ് ടീമിലും താത്പര്യം വളര്‍ന്നു തുടങ്ങിയത് അതോടെയാണെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ആ മത്സരം ജയിച്ചാല്‍ പോലും കിട്ടാത്ത പ്രശസ്തിയാണ് ക്രിക്കറ്റിന് ആ സംഭവത്തോടെ ന്യൂസിലാന്‍ഡില്‍ കിട്ടിയത്. അതിന് ഓസ്‌ട്രേലിയക്കാരോടു നന്ദി പറയണമെന്നും ഹൗറത്ത്.

ആ സമയത്ത് അണ്ടര്‍ആം ബൗളിങ് നിയമവിരുദ്ധമാണെന്നാരോപിച്ച് മൈതാന മധ്യത്തേക്ക് പാഞ്ഞടുത്തയാളാണ് ഹൗറത്ത്. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്ന ഇംഗ്ലണ്ടില്‍ അതു നിയമവിരുദ്ധം തന്നെയായിരുന്നു. എന്നാല്‍, വേള്‍ഡ് സീരിസില്‍ അങ്ങനെയൊരു നിയന്ത്രണമില്ലായിരുന്നു എന്ന് അദ്ദേഹം ഉടന്‍ തന്നെ അമ്പരപ്പോടെ തിരിച്ചറിയുകയായിരുന്നു.
ഓസ്‌ട്രേലിയയ്ക്ക് ചേരുന്ന നിറമാണ് മഞ്ഞ എന്ന് ഇപ്പോള്‍ വ്യക്തമായെന്നായിരുന്നു അന്നത്തെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി റോബര്‍ട്ട് മള്‍ഡൂണിന്റെ പ്രതികരണം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ഫ്രേസര്‍ അന്ന് ഗ്രെഗ് ചാപ്പലിനോട് ആവശ്യപ്പെട്ടത് മാപ്പു പറയാനാണ്.

Top