ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ടിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

വിരല്‍ തുമ്പിലെ സൗഹൃദ കൂട്ടായ്മയെന്ന അദ്ഭുതത്തിലേക്ക് ലോകത്തെ നയിച്ച ഓര്‍ക്കുട്ട് ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം. സൈബര്‍ സൗഹൃദയ കൂട്ടായ്മകളുടെ പുതുവഴി തുറന്ന ഓര്‍ക്കുട്ട് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 നാണ് ഔദ്യോഗികമായി പിന്‍വലിച്ചത്.

ലോകത്തിന്റെ വാതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് തുറന്നിട്ടതിനു ശേഷമാണ് ഓര്‍ക്കുട്ട് വിസ്മൃതിയിലാണ്ടത്.

2004 ജനവരി 24നാണ് ഓര്‍ക്കുട്ടിന്റെ തുടക്കം. പത്തു ദിവസത്തിന് ശേഷം ഫേസ്ബുക്കും ആരംഭിച്ചു. ആദ്യം ഓര്‍ക്കുട്ടിനാണ് മുന്നേറാന്‍ കഴിഞ്ഞത്.

ഒരു കാലത്ത് അന്തസ്സിന്റെയും ഗമയുടെയും പേരായിരുന്നു ഓര്‍ക്കൂട്ടിലെ അക്കൗണ്ട്. സുഹൃത്തുക്കളുമായി സംവദിക്കാനായി സ്‌ക്രാപ്പ് ബുക്ക്, ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആല്‍ബം, ചര്‍ച്ചകള്‍ക്കായി കൂട്ടായ്മകള്‍, സൂഹൃത്തുക്കളുടെ ജന്‍മദിന അറിയിപ്പുകള്‍ തുടങ്ങി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് വേണ്ട എല്ലാം ഓര്‍ക്കുട്ടിലുണ്ടായിരുന്നു.

എന്നാല്‍ ഓര്‍ക്കുട്ടിനെ പിന്നാലെ എത്തിയ ഫെയ്‌സ്ബുക്ക് അതിവേഗം പിന്നിലാക്കി. ഫെയ്‌സ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ചോദ്യം ചെയ്യാനാകാത്ത വിധം വളര്‍ന്നതോടെ ഓര്‍ക്കുട്ടിന്റെ ജനപ്രീതി ഇടിഞ്ഞു.

ഇന്ത്യയും ബ്രസീലും ഒഴികെ മിക്കയിടങ്ങളിലും 2008 ല്‍ തന്നെ ഓര്‍ക്കുട്ടില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് തുടങ്ങിയിരുന്നു. ഓര്‍ക്കുട്ടിന് ഏറ്റവുമധികം ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ വന്‍ സ്വീകാര്യത ലഭിച്ച ഓര്‍ക്കുട്ടിനെ മറികടക്കാന്‍ 128 കോടി ഉപയോക്താക്കളുമായി ഫെയ്‌സ്ബുക്ക് അതിവേഗം സ്ഥാനമുറപ്പിച്ചു.

പാശ്ചാത്യര്‍ കൈവിട്ടിട്ടും ഓര്‍ക്കുട്ടിനെ കൈവിടാതിരുന്ന ഇന്ത്യയില്‍ 2010 മുതല്‍ അംഗത്വം കുറഞ്ഞു തുടങ്ങി. 2012ന് ശേഷം ബ്രസീലുകാരും ഓര്‍ക്കുട്ടിനെ കൈവിട്ടു.

2014 ജൂണ്‍ 30 നാണ് ഓര്‍ക്കുട്ട് പൂട്ടുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ജൂലായ് ഒന്നിനുശേഷം പുതിയ അംഗങ്ങളെ സ്വീകരിക്കില്ലെന്നും, സപ്തംബര്‍ 30 വരെ നിലവിലുളള അംഗങ്ങള്‍ക്കു തുടരാമെന്നും അറിയിപ്പുവന്നു. ഇത്രയും കാലം സഹകരിച്ചതിനു നന്ദി പറഞ്ഞ് ഓരോ അംഗങ്ങള്‍ക്കും ഈമെയില്‍ അയയ്ക്കാനും മറന്നില്ല.

ഓര്‍ക്കുട്ടിന്റെ ബ്ലോഗില്‍ ഗൂഗിള്‍ ഇങ്ങനെ കുറിച്ചു : ‘പോയ ദശകത്തില്‍ യൂട്യൂബും ബ്ലോഗറും ഗൂഗിള്‍ പ്ലസും രംഗത്തെത്തി. ലോകത്തിന്റെ ഓരോ കോണുകളിലും കമ്മ്യൂണിറ്റികള്‍ പ്രത്യക്ഷപ്പെട്ടു. ആ വളര്‍ച്ച ഓര്‍ക്കുട്ടിന്റെ വളര്‍ച്ചയെ കടന്ന് മുന്നോട്ടുപോയി. അതിനാല്‍ ഓര്‍ക്കുട്ടിന് വിടചൊല്ലാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു’.

ഓര്‍ക്കുട്ട് ഇല്ലാതായാലും പ്രൊഫൈല്‍ വിവരങ്ങളും കമ്യൂണിറ്റി പോസ്റ്റുകളും ഫോട്ടോകളുമെല്ലാം 2016വരെ ഗൂഗിള്‍ സൂക്ഷിച്ചുവെക്കും. ഇവ ആവശ്യമുള്ളവര്‍ക്ക് ഗൂഗിള്‍ ടേക്ക് ഔട്ട് സംവിധാനത്തിലൂടെ എടുക്കുാവുന്നതാണ്.

Top