ഓണ്‍ലൈന്‍ തീവ്രവാദത്തിന് എതിരേ ബ്രിട്ടനിലെ ഇമാമുമാര്‍

ലണ്ടന്‍: സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനെതിരേ ബ്രിട്ടനിലെ 10 ഇമാമുമാര്‍. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലേക്ക് നിരവധി ബ്രിട്ടിഷ് മുസ്ലിംകളെ റിക്രൂട്ട് ചെയ്ത സാഹചര്യത്തിലാണിത്. ലണ്ടന്‍, ലെസിസ്റ്റര്‍, ലീഡ്‌സ്, ലാന്‍ഷെയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്, ബക്കിങ്ങാംഷെയ്ര്! എന്നിവിടങ്ങളില്‍നിന്നുള്ള ഇമാമുമാരാണ് ഓണ്‍ലൈന്‍ തീവ്രവാദമുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള തീവ്രവാദ പ്രചരണം ജനങ്ങള്‍ ഒന്നിച്ചുനിന്ന് എതിര്‍ക്കണം. മിഡില്‍ ഈസ്റ്റില്‍ സോഷ്യല്‍മീഡിയവഴി ഐഎസ് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ശിരച്ഛേദം, മുസ്ലിം ആശയങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള ഭീകരരുടെ ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ ശക്തമായ എതിര്‍ക്കണമെന്നും ഇമാമുമാര്‍. തീവ്രവാദികള്‍ ഓണ്‍ലൈനിലൂടെ ഭീകര ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ കമ്പനികള്‍ നടപടിയെടുക്കണം.
തീവ്രവാദ സംഘടനകളില്‍ ചേരാന്‍ സുന്നി, ഷിയ വിഭാഗത്തില്‍പെടുന്ന മുസ്ലിം യുവാക്കള്‍ വീടുവിടുന്നത് തടയാന്‍ ഇമാംസ് ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരായ പ്രചരണത്തിന് മൗലാന ഷാഹിദ് റാസ, ഹഫിസ് ഗുലാം റസൂല്‍, കാറി മുഹമ്മദ്, ഹഫിസ് സഹീര്‍ ഷബീര്‍, ഷെയ്ബാസ ഗുലാം ഗീലാനി, അബ്ദുള്‍ ഹമീദ് ഖുറൈഷി, തുടങ്ങിയ ഇമാമുമാരാണ് രംഗത്തെത്തിയത്.

Top