ഓണ്‍ലൈനില്‍നിന്ന് ഇനി കാറും വാങ്ങാം

ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും വീടുകളും ഫ്‌ലാറ്റുകളും മാത്രമല്ല ഇതാ കാറും ഓണ്‍ലൈനില്‍നിന്ന് വാങ്ങാം. മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്റ് മഹീന്ദ്രയാണ് ഓണ്‍ലൈനിലെ കാര്‍ വില്പനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്‌നാപ്ഡലുമായി കൈകോര്‍ത്താണ് ഈ സംരംഭം.

മഹീന്ദ്രയുടെ ഇരുചക്രവാഹനമായ ഡ്യൂറോയുടെ വില്‍പനയും സ്‌നാപ്ഡീലില്‍ പൊടിപൊടിച്ചു. 80-90 എണ്ണം ഓണ്‍ലൈനിലൂടെ മാത്രം വിറ്റുപോയതായാണ് കമ്പനി അടക്കംപറയുന്നത്! അടുത്തയാഴ്ച പുറത്തിറക്കുന്ന ഗസ്റ്റോയും സ്‌നാപ് ഡീല്‍വഴി ബുക്ക് ചെയ്യാം.

കാറിനെ പുറമേ വീട് വില്‍പനയും ഓണ്‍ലൈനില്‍ പൊടിപൂരമാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാറ്റ ഹൗസിങ് ആണ് ഓണ്‍ലൈനില്‍ ഭവന പദ്ധതി ലോഞ്ച് ചെയ്തത്. ടാറ്റ വാല്യു ഹോംസിന്റെ 85 അപ്പാര്‍ട്ടുമെന്റുകളാണ് സ്‌നാപ് ഡീലിലൂടെ വിറ്റുപോയത്. മാജിക്ബ്രിക്‌സ്, 99ഏക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളും പുതിയ പദ്ധതികളുമായി രംഗത്തുവരാനിരിക്കുകയാണ്.

62 ശതമാനം ഇന്ത്യക്കാര്‍ക്ക് കാറ് ഓണ്‍ലൈന്‍ വഴി വാങ്ങാനാണ് താല്‍പര്യമെന്ന് സര്‍വേയില്‍ വെളിപ്പെട്ടതായി പ്രമുഖ ഓട്ടോമോട്ടീവ് കണ്‍സള്‍ട്ടന്റന് സ്ഥാപനമായ കേപ്‌ജെമിനിയുടെ വൈസ് പ്രസിഡന്റ് നിക് ഗില്‍ പറയുന്നു.

Top