ഓണസദ്യയുണ്ണാന്‍ ആദിവാസിപ്പട കാടിറങ്ങി വന്നു; വിവേചനം മറന്ന് നിലമ്പൂര്‍ ജനത

നിലമ്പൂര്‍: ആഘോഷങ്ങളില്‍ നിന്നും എന്നും അകറ്റി നിര്‍ത്തപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായ ആദിവാസികളെ കാട്ടില്‍ നിന്നും ക്ഷണിച്ചെത്തിച്ച് അവര്‍ക്ക് ഓണക്കോടിയും ഓണസദ്യയും വിളമ്പി നിലമ്പൂര്‍ നഗരസഭ നടത്തിയ ഓണാഘോഷം വേറിട്ട അനുഭവമായി.

കോടികള്‍ പൊടിച്ചുള്ള ഓണാഘോഷം നടത്തുന്ന ടൂറിസം വകുപ്പിനും സര്‍ക്കാരിനും പകര്‍ത്താവുന്ന മാതൃകയാണ് നിലമ്പൂര്‍ നടപ്പാക്കിയത്.

ഗോത്രസൗഹൃദമെന്ന പേരില്‍ നിലമ്പൂര്‍ കാടുകളിലെ 2400 ആദിവാസികളെ ക്ഷണിച്ചുവരുത്തി അവര്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കിയാണ് ആദരിച്ചത്.

കാട്ടിനുള്ളില്‍ 25 കിലോ മീറ്ററോളം അകലെ നീലഗിരിയുടെ താഴ്‌വാരത്ത് താമസിക്കുന്ന മണ്ണള കോളനിയിലെയും, മാഞ്ചീരി കോളനിയിലേയും ചോലനായ്ക്കര്‍ ഉള്‍പ്പടെയുളളവരാണ് കാടിറങ്ങിയെത്തിയത്.

പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുകയും ഇന്നും കടുത്ത വിവേചനവും കൊടും പട്ടിണിയും അനുഭവിക്കുകയും ചെയ്യുന്ന ഈ ആദിവാസികളെ രണ്ട് കൈയും നീട്ടിയാണ് നിലമ്പൂര്‍ ജനത സ്വീകരിച്ചത്.

ഇവിടെ വിവേചനവും വേര്‍തിരുവുമെല്ലാം വഴിമാറി. കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന കാഴ്ചയായിരുന്നു അത്.

ഐ.ടി.ഡി.പി പ്രമോട്ടര്‍മാര്‍ കാനനവഴി താണ്ടി എത്തിയ ഇവരെ കൂപ്പ് റോഡിലൂടെ വനംവകുപ്പിന്റെ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. ആദിവാസികളും നാട്ടുകാരും ഒരുമിച്ചിരുന്ന് സദ്യയുണ്ട് ഓണം അവിസ്മരണീയമാക്കി. 10 ആദിവാസി മൂപ്പന്‍മാര്‍ക്ക് ഓണക്കോടി നല്‍കി ആദരിച്ചാണ് ഗോത്ര സൗഹൃദം നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തത്.

കുങ്കന്‍ മൂപ്പന്‍ (മണ്ണള കോളനി), വീരന്‍ (ചിങ്കക്കല്ല്), മാരന്‍ (കപ്പപ്പൊട്ടി), കരിയന്‍ (ഇരുട്ടുകുത്തി), കറുമ്പന്‍ (ചേനപ്പൊട്ടി), വാസുദേവന്‍ (പാതിരിപ്പാടം), ശങ്കരന്‍ (മണക്കാട്), സോമന്‍ (വള്ളിക്കെട്ട), മാരന്‍കുട്ടി (ചുങ്കക്കല്ല്), കറുപ്പന്‍ (വല്യമ്പാറ) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ആദിവാസി കുടുംബങ്ങളിലെ ഗൃഹനാഥനും നാഥക്കും ഓണക്കോടി നല്‍കി.

ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി ആധ്യക്ഷം വഹിച്ചു. ഉപാസ് മാട്രെസ് എം.ഡി അബ്ദുസമദ്, ശശീന്ദ്രന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ്, മണ്ണള മൂപ്പന്‍ കുങ്കന്‍, കൗണ്‍സിലര്‍ ശാരദ എന്നിവര്‍ സംസാരിച്ചു.

മൂപ്പന്‍മാരുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തൃക്കാക്കര അപ്പന് സദ്യ വിളമ്പിയതോടെയാണ് ‘ജനകീയം’ ഓണ സദ്യ ആരംഭിച്ചത്. 14 വിഭവങ്ങളുമായി തൂശനിലയിട്ടാണ് സദ്യ വിളമ്പിയത്.

നിലമ്പൂരിലെ പാവങ്ങളെ സഹായിക്കുന്ന സ്‌നേഹപത്തായം പദ്ധതിയിലേക്ക് വിഭവങ്ങള്‍ സമാഹരിച്ചാണ് നിലമ്പൂര്‍ നഗരസഭ ഇത്തവണ ഓണാഘോഷത്തിന് തുടക്കമിട്ടത്. 20ന് 200 ആദിവാസി കുട്ടികള്‍ ചേര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പൂക്കളം ഒരുക്കിയതോടെയായിരുന്നു ആഘോഷങ്ങളുടെ ആരംഭം. താരസാന്നിധ്യവും മന്ത്രിപ്പടയുമില്ലാതെ എട്ട് ആദിവാസി മൂപ്പന്‍മാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.

ഇതിനു പുറമെ നിലമ്പൂരിലെ കാരണവന്‍മാര്‍ക്കൊപ്പവും ഓണം ആഘോഷിച്ചു. ഒരുമയുടെയും സമത്വത്തിന്റെയും ആഘോഷമായ ഓണം ജാതി, മത, രാഷ്ട്രീയ ചിന്തകളില്ലാതെ നിലമ്പൂര്‍ ഒന്നിച്ച് ആഘോഷിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

മധ്യവര്‍ഗത്തിനും ഉപരിവര്‍ഗത്തിനും മാത്രമല്ല മണ്ണിന്റെ മക്കളായ ആദിവാസി സമൂഹത്തിന്റെ കൂടിയാണ് ഓണം. പലപ്പോഴും ആഘോഷങ്ങളില്‍ നിന്നും തിരസ്‌ക്കരിക്കപ്പെടുന്ന ഇവര്‍ക്കൊപ്പം ഒരുമിച്ച് ഓണം ആഘോഷിച്ച് സന്തോഷം പങ്കുവെക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Top