ഓഗസ്റ്റ് 17-നകം മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന സിബിഎസ്ഇയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലപ്രഖ്യാപിക്കണമെന്നാണ് ജസ്റ്റീസ് ആര്‍.കെ.അഗര്‍വാള്‍ ഉത്തരവിട്ടിരിക്കുന്നത്.

മറ്റു നിരവധി പരീക്ഷകള്‍ നടത്താനുണ്ടെന്നും 6.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്കു തയാറെടുപ്പുകള്‍ നിരവധിയുണ്ടെന്നും സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണു കോടതി സിബിഎസ്ഇയോടു നിര്‍ദ്ദേശിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ പരീക്ഷ തിങ്കളാഴ്ച അവധിക്കാല ബെഞ്ച് റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കകം പുനഃപരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നാലാഴ്ചയ്ക്കകം അഖിലേന്ത്യാ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനപരീക്ഷ നടത്തുക അസാധ്യമാണെന്ന് സിബിഎസ്‌സി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. മൂന്നുമാസമെങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു സിബിഎസ്ഇ ഹര്‍ജിയില്‍ ആവശ്യപെട്ടത്.

Top