ഓഗസ്റ്റ് 15 മുതല്‍ ചെന്നൈയില്‍ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നു

ചെന്നൈ: ചെന്നൈ നഗരത്തില്‍ ഓഗസ്റ്റ് 5 മുതല്‍ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നു. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരോധനം ഇപ്പോഴും നിലവിലുണ്ടെങ്കിലും ശക്തമായ നടപടികളിലൂടെ പ്ലാസ്റ്റിക് നിരോധനം യാഥാര്‍ത്ഥ്യമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പരിശോധന ഉണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് ആരോപണമുണ്ട്.

429 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ചെന്നൈ നഗരത്തില്‍ പുറന്തള്ളപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതില്‍ രണ്ടാം സ്ഥാനമാണ് ചെന്നൈക്ക്. ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

സ്റ്റിറോഫോം കപ്പ്, പ്ലേറ്റ്, തെര്‍മോകോള്‍ കപ്പ്, പ്ലേറ്റ്, അലുമിനിയം പ്ലേറ്റ് എന്നിവ നിരോധിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.

Top