ഓഖി:മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി ഫിഷറീസ് വകുപ്പ്

okhi

തിരുവനന്തപുരം:ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ മേഖലകളിലെ നാല്‍പ്പത്തി ഒന്ന് മത്സ്യത്തൊളിലാളികളുടെ ഭാര്യമാര്‍ക്കാണ് ഫിഷറീസ് വകുപ്പില്‍ നിയമനം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പുതിയ ജോലിക്കാര്‍ക്ക് സ്വീകരണം നല്‍കി.

പതിനായിരം രൂപയാണ് ആദ്യ ഘട്ടത്തില്‍ ശമ്പളം. വലയുടെ അറ്റകുറ്റപ്പണികള്‍, വയന്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികളാണ് നല്‍കുക. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ജോലി സമയം. പത്തു ദിവസത്തെ തൊഴില്‍ പരിശീലനവും നല്‍കും.

എന്നാല്‍ നിയമനത്തില്‍ അഴിമതി ആരോപിച്ച് ഉദ്ഘാടനത്തിനെത്തിയ ഫിഷറീസ് മന്ത്രിയെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ജീവനക്കാരെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്നും നാട്ടുകാരെ അവഗണിച്ചുവെന്നുമാണ് ഇവരുടെ ആരോപണം. മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. നിയമനം നടത്തുന്നതിനായി പ്രദേശവാസികളായ അറുന്നൂറിലേറെ പേരുടെ അഭിമുഖം നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Top