ഒ.രാജഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രചാരണം സുരേഷ്‌ഗോപി തന്നെ നയിക്കും

ന്യൂഡല്‍ഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചിരട്ടി വോട്ട് വര്‍ധനയുണ്ടാക്കിയതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് സംതൃപ്തി.

സംസ്ഥാന നേതൃത്വത്തിലെ ചേരിതിരിവിനെ തുടര്‍ന്ന് അമിത്ഷായുടെ താക്കീതിന് വിധേയരായ സംസ്ഥാന നേതൃത്വം അരുവിക്കരയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ കൂടി നേട്ടമായിട്ടാണ് ബിജെപി മുന്നേറ്റത്തെ നേതൃത്വം കാണുന്നത്.

രാജഗോപാലിനെ ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണറാക്കണമെന്ന ആവശ്യം ഇപ്പോള്‍ വീണ്ടും ശക്തമായിട്ടുണ്ടെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ സംസ്ഥാനത്തെ ബിജെപിയെ നയിക്കണമെന്ന വികാരമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

ഇനി തല്‍ക്കാലം എവിടെയെങ്കിലും പ്രത്യേക ചുമതല നല്‍കിയാല്‍ പോലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലും നടന്‍ സുരേഷ്‌ഗോപിയും തന്നെയായിരിക്കും സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണം നയിക്കുക എന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി വളര്‍ന്ന് വരുവാനും മാധ്യമ ശ്രദ്ധ നേടിയെടുക്കാനും അരുവിക്കര ഫലം തെളിയിച്ചതോടെ ബിജെപി സംഘപരിവാര്‍ അണികളും ഇപ്പോള്‍ ഉഷാറായിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും മറ്റും അണികളെ അടര്‍ത്തുന്നതിനെക്കാള്‍ സിപിഎമ്മിലെ അസംതൃപ്തരായ വിഭാഗത്തെ ലക്ഷ്യമിട്ട് സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപി നീക്കം. സിപിഎമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളായ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ ദയനീയാവസ്ഥ മുതലെടുത്ത് വോട്ടാക്കാനാണ് ശ്രമം.

രാജഗോപാലിനെതിരെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ‘ആയുധങ്ങള്‍’ ഇല്ലാത്തത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രയോജനപ്പെടുമെന്ന കാഴ്ചപ്പാടിലാണ് നേതൃത്വം.

എസ്എന്‍ഡിപിയുമായുള്ള നിലവിലെ ബന്ധം തുടരുന്നതോടൊപ്പം തന്നെ ഉടക്കി നില്‍ക്കുന്ന എന്‍എസ്എസിലെ ഒരു വിഭാഗത്തെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടനെ തന്നെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് അറിയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഘടകകക്ഷികളെ തേടാനും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടും. ആര്‍ ബാലകൃഷ്ണ പിള്ള, പി.സി ജോര്‍ജ്ജ് തുടങ്ങിയ ‘ഒറ്റയാന്മാരെയും’ ബിജെപി പരിഗണിക്കുന്നുണ്ട്.

ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് കൊട്ടാരക്കരയിലും പത്തനാപുരത്തും വിജയിക്കാന്‍ ബിജെപി പിന്‍തുണകൊണ്ട് കഴിയുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശ വാദം. അതുപോലെ തന്നെ പൂഞ്ഞാറില്‍ പി.സി ജോര്‍ജിന് ജയിച്ച് കയറാന്‍ കൈകൊടുക്കാന്‍ തയ്യാറാണെന്ന സന്ദേശവും ബിജെപി നല്‍കും.

അരുവിക്കരയിലെ സുനാമിയില്‍ ‘അടിച്ച് പോയ’ ഈ രണ്ട് വിഭാഗത്തെയും യുഡിഎഫില്‍ എടുക്കാത്ത സാഹചര്യത്തില്‍ ഇടതുപക്ഷം കൂടി കൈവിട്ടാല്‍ ബിജെപിയല്ലാതെ പിള്ളയ്ക്കും ജോര്‍ജിനും മറ്റ് വഴിയില്ലെന്നാണ് രഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇവര്‍ രണ്ടുപേരും ബിജെപി സഖ്യത്തിലേക്ക് വന്നാല്‍ ബിജെപി സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍ഗോഡ്, പാലക്കാട് തിരുവനന്തപുരം ജില്ലകള്‍ക്ക് പുറമെ കോട്ടയത്ത് നിന്നും കൊല്ലത്ത് നിന്നും എംഎല്‍എമാരെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ‘പ്രകടനം’ വിലയിരുത്തി കൂടുതല്‍ ചെറുകക്ഷികള്‍ ബിജെപി മുന്നണിയിലേക്ക് വരുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

നാലോ അഞ്ചോ എംഎല്‍എമാരെ നിയമസഭയില്‍ സൃഷ്ടിക്കാന്‍ മാത്രമല്ല നിലവില്‍ മുന്നണികള്‍ കുത്തകയാക്കിവച്ചിരിക്കുന്ന പല മണ്ഡലങ്ങളിലെയും ‘ചരിത്രം’ കൂടി മാറ്റിയെഴുതാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ കേരള ഭരണ ചരിത്രവും മാറും. അത്തരമൊരു സാഹചര്യത്തില്‍ യുഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകള്‍ നിരത്തി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്

ഈ അപകടം മുന്നില്‍കണ്ട് പാര്‍ട്ടി വോട്ട് ബാങ്കുകള്‍ ഉറപ്പിച്ച് നിര്‍ത്താനും പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാനും വിപുലമായ പദ്ധതികളാണ് സിപിഎം ആവിഷ്‌കരിക്കുന്നത്. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ അടിയന്തര യോഗം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ശേഷം വിളിച്ച് ചേര്‍ക്കുമെന്നാണ് സൂചന.

Top