ഒ.രാജഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ സുരേഷ് ഗോപി അരുവിക്കരയില്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സൂപ്പര്‍ താരം സുരേഷ് ഗോപി അരുവിക്കരയില്‍. മോഡിയുടെ വികസനനയങ്ങളുടെ പ്രയോജനം കേരളത്തിനും കിട്ടാന്‍ രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വികസനം സ്വപ്നം മാത്രമായി അവശേഷിക്കുന്ന സാഹചര്യത്തില്‍ മാറി ചിന്തിക്കാന്‍ ജനങ്ങള്‍ തയാറാവണം. ഭരണപക്ഷത്തിന്‍റെ ധാര്‍ഷ്ട്യത്തിനെതിരായ ചുട്ടമറുപടിയാകണം അരുവിക്കര തിരഞ്ഞെടുപ്പെന്നും സുരേഷ്ഗോപി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് നഷ്ടപ്പെട്ട വിജയം അരുവിക്കരയിലെ ജനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍ ജനക്കൂട്ടമാണ് സുരേഷ് ഗോപിയെ കാണാനും പ്രസംഗം കേള്‍ക്കാനുമായി അരുവിക്കരയില്‍ എത്തിയത്‌. എട്ട് പഞ്ചായത്തുകളില്‍ ഒമ്പത് പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും.

സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ താരത്തിനൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഒ രാജഗോപാലിന് വേണ്ടി സിനിമ താരങ്ങള്‍ മാത്രമല്ല, സീരിയല്‍ താരങ്ങളും രംഗത്തുണ്ട്. കൊല്ലം തുളസിയുടെ നേതൃത്വത്തിലാണ് സീരിയല്‍ താരങ്ങള്‍ രാജഗോപാലിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. വാഹനപ്രചാരണം, റോഡ് ഷോ, കുടുംബയോഗങ്ങള്‍ തുടങ്ങിയവയില്‍ താരങ്ങള്‍ പങ്കെടുക്കും.

Top