ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ കേന്ദ്രം പരിഗണിക്കുന്നു

ന്യൂഡല്‍ഹി: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ വരുന്ന രണ്ട് ഒഴിവുകളില്‍ പ്രശസ്ത നടി ശബാന അസ്മിയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് ലാലിനെ പരിഗണിക്കുന്നത്.

നോമിനേറ്റഡ് അംഗങ്ങളുടെ പട്ടികയിലേക്കാണ് ഈ ക്ഷണം. സൂപ്പര്‍ താരം സമ്മതം മൂളേണ്ട ആവശ്യം മാത്രമേ ഇനിയുള്ളൂവെന്നാണ് ബിജെപി നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെ ഇതേ ആവശ്യം മുന്‍നിര്‍ത്തി നടി മഞ്ജുവാര്യരെ ബിജെപി ദൂതന്‍മാര്‍ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നില്ല.

ഇതിനിടയില്‍ പാലക്കാട്ട് സിപിഎമ്മിന്റെ വേദിയില്‍ വി.എസ് അച്യുതാനന്ദനെ സാക്ഷിനിര്‍ത്തി തനിക്ക് ജീവിതത്തില്‍ ആവേശം നല്‍കിയത് വി.എസ് ആണെന്ന് മഞ്ജു പറഞ്ഞതോടെ അവരിലുള്ള പ്രതീക്ഷ ബിജെപി കൈവിടുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ മാനദണ്ഡം അനുസരിച്ചല്ലെങ്കിലും ഈ സെലക്ഷനില്‍ രാഷ്ട്രീയ ‘താല്‍പര്യം’ ഉണ്ടാവാറുണ്ടെന്നതാണ് യാഥാര്‍ഥ്യം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി രേഖ തുടങ്ങിയ വിവിധമേഖലകളിലെ കഴിവ് തെളിയിച്ച 12 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്.

ചലച്ചിത്ര മേഖലയില്‍ നിന്നുതന്നെ ബിജെപി അുഭാവികളായ നിരവധി പേര്‍ എം പി മോഹവുമായി രംഗത്തുണ്ടെങ്കിലും കേരളത്തില്‍ ബിജെപിക്ക് ഗുണകരമാവുന്ന രൂപത്തിലുള്ള തീരുമാനമെടുക്കണമെന്ന നിലപാടാണ് അമിത് ഷാ അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.

ബിജെപി അനുഭാവിയായി നടന്‍ സുരേഷ് ഗോപി രംഗത്തുണ്ടെങ്കിലും മോഹന്‍ലാലിനെപ്പോലെ കേരളത്തില്‍ വലിയ സ്വാധീനമുള്ള ഒരു കലാകാരന്‍ രാജ്യസഭയിലെത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

ഇത്തരമൊരു തീരുമാനമെടുക്കുന്ന ബിജെപി സര്‍ക്കാരിന് അനുകൂലമായ വികാരം മോഹന്‍ലാലിന്റെ ആരാധകര്‍ക്കും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും ഉണ്ടാവുമെന്നും അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.

മോഹല്‍ലാലിനോട് അടുപ്പമുള്ള ‘ദൂതന്മാര്‍’ വഴി ഈ നിര്‍ദ്ദേശം ബിജെപി മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും താരം മനസ്സു തുറന്നിട്ടില്ല.

മോഹന്‍ലാലുമായി വളരെ അടുപ്പമുള്ള സംവിധായകന്‍ മേജര്‍ രവി, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ബിജെപി അനുഭാവികളായതിനാല്‍ ഇവര്‍ വഴിയും ലാലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണെങ്കിലും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അത് തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മോഹന്‍ലാല്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തില്‍ തന്നെ ആശങ്കയുണ്ട്. ലാലിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ മറ്റുള്ളവരെ ഇക്കാര്യത്തില്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.

നേരത്തെ കേരളത്തില്‍നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സിപിഎം പരിഗണിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അഭിനയ രംഗത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം.

ഇപ്പോഴല്ലെങ്കില്‍ പിന്നീടാണെങ്കില്‍പോലും മമ്മൂട്ടി ഇടതു ടിക്കറ്റില്‍ രാജ്യസഭയിലെത്താന്‍ സാധ്യത കൂടുതലായതിനാല്‍ പാര്‍ട്ടി ഓഫര്‍ മോഹന്‍ലാല്‍ പെട്ടെന്ന് തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Top