ഒളിച്ചുകളി അവസാനിക്കുന്നു; രാഹുല്‍ ഗാന്ധി നാളെ എത്തിയേക്കും

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ ഗാന്ധി തിരിച്ചുവരവ് വീണ്ടും നീട്ടി. ഇന്നലെ ഡല്‍ഹിയിലെത്താനിരുന്ന അദ്ദേഹം നാളെയേ വരൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം. ഞായറാഴ്ച പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുള്ള ദേശീയ കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുത്തേക്കും. ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരേയാണു കര്‍ഷക സംഘടനകളുടെ സമരം. 2013ല്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ അണിയറയില്‍ രാഹുലും സോണിയ ഗാന്ധിയുമായിരുന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തില്‍ പങ്കെടുക്കാതെ ഫെബ്രുവരിയിലാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാല അവധിയെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്കു പോയത്. ഒളിച്ചുകളി ഏഴ് ആഴ്ച പിന്നിടുമ്പോഴും രാഹുല്‍ എവിടെയാണെന്ന് ഒരു അറിവും കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നേപ്പാളിലുണ്ടെന്നും യൂറോപ്പില്‍ വിപാസന ധ്യാനത്തിലാണെന്നുമൊക്കെ വാര്‍ത്തകളുണ്ടായി. രാഹുല്‍ കേരളത്തിലുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ കേട്ട വാര്‍ത്ത. രാഹുലിന്റെ അവധിയെ പരിഹസിച്ചു ബിജെപി ഉള്‍പ്പെടെ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെ, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പരിഹാസമുയര്‍ന്നതോടെയാണ് ബുധനാഴ്ച കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് തിരിച്ചെത്തുമെന്ന് നേതാക്കള്‍ അറിയിച്ചത്.പാര്‍ട്ടി പ്രസിഡന്റാകാന്‍ ആഗ്രഹമുണ്ടെങ്കിലുമില്ലെങ്കിലും അവധി അവസാനിപ്പിച്ച് എപ്പോള്‍ തിരിച്ചുവരുമെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം മണിശങ്കര്‍ അയ്യര്‍ പരിഹസിച്ചിരുന്നു.

തിരിച്ചെത്തിയാല്‍ രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോയെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
ദിഗ്വിജയ് സിങ് ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പരസ്യമായി അവശ്യപ്പെട്ടിരുന്നു. രാഹുലിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്നാണ് ഈ നീക്കത്തെ എതിര്‍ക്കുന്ന ചില മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയോട് വ്യക്തമാക്കിയത്.

Top