ഒറ്റപ്പെടുത്തിയവര്‍ ഇളിഭ്യരായി; സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനും സാധ്യത

തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ മദ്യനയം ഹൈക്കോടതി അംഗീകരിച്ചതോടെ മദ്യവിരുദ്ധനിലപാടില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനെ ഒറ്റപ്പെടുത്തുകയും ചേരിതിരിഞ്ഞാക്രമിക്കുകയും ചെയ്തവരെല്ലാം ഇളിഭ്യരായി.

കോണ്‍ഗ്രസില്‍ കൂടുതല്‍ കരുത്തനായി സുധീരന്‍ മാറുകയും ചെയ്തു. ബാര്‍ വിഷയത്തില്‍ സുധീരനേക്കാള്‍ ആദര്‍ശ ധീരനാവാന്‍, തുറന്ന ബാറുകള്‍ കൂടി പൂട്ടാന്‍ രംഗത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനെതിരെ ഐ ഗ്രൂപ്പിനെ ഇറക്കി പടനയിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ് വെട്ടിലായത്.

നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചിട്ട 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുത്ത വിഎം സുധീരനൊപ്പം പൊതു സമൂഹവും യുഡിഎഫ് ഘടകകക്ഷികളും ആദ്യ ഘട്ടത്തില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി യുഡിഎഫ് യോഗത്തില്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് തന്ത്രപരമായ നീക്കം നടത്തുകയായിരുന്നു.

ഒടുവില്‍ പൂട്ടിയ ബാറുകളില്‍ യഥേഷ്ടം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് അനുകൂലമായി ഒത്തുകളിക്കുകയും ചെയ്തു.

ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ അഴിമതി വിവാദം ഉയര്‍ന്നതോടെ ഹൈക്കോടതിയില്‍ ഒത്തുകളിച്ച് ബാര്‍ ഉടമകള്‍ക്ക് അനുകൂല വിധിയൊരുക്കാനും തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കര്‍ക്കശനിലപാടുമായി സുധീരന്‍ നിലയുറപ്പിക്കുകയായിരുന്നു. ടി.എന്‍ പ്രതാപന്‍ എംഎല്‍എ സ്വന്തം അഭിഭാഷകനെയും നിയോഗിച്ച് സുധീരന്റെ നിലപാടിനൊപ്പം നിന്നു. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു.

കോടതിയില്‍ തോല്‍ക്കാനായി അവതരിപ്പിച്ച മദ്യ നയം പക്ഷേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ബാര്‍ ഉടമകളുടെയും സര്‍ക്കാരിലെ പ്രമുഖരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരനും ബാബു മാത്യു.പി ജോസഫും മദ്യം മൗലിക അവകാശമല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമായി ബാര്‍ അനുമതി നല്‍കിയത്.

മദ്യ നയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് ഒറ്റപ്പെടുത്തിയ സുധീരന്റെ നിലപാടുകള്‍ക്ക് കരുത്തുപകരുന്നതാണ് കോടതി വിധി. മദ്യനയത്തിലടക്കം സുധീരന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ പിന്തുണയായിരുന്നു കരുത്ത്.

ബാര്‍ കോഴയില്‍ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍കൂടി ആരോപണ വിധേയരായതോടെ സുധീരന്റെ നീക്കത്തിന് കൂടുതല്‍ കരുത്തു ലഭിക്കും. പ്രതിഛായ നഷ്ടമായ കേരളത്തില്‍ ഭരണമാറ്റമെന്ന നിലപാട് ഹൈക്കമാന്റ് സ്വീകരിച്ചാല്‍ സുധീരന്റെ വാക്കിനായിരിക്കും കൂടുതല്‍ വില ലഭിക്കുക.

സുധീരനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്. മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ക്കും സുധീരനോടാണ് ഇപ്പോള്‍ ഏറെ താല്‍പര്യം.

തനിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റിയില്ലെങ്കിലും എ.കെ ആന്റണിയെ മുന്‍നിര്‍ത്തി ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി നല്‍കാനാണ് സുധീരന്റെ ഇപ്പോഴത്തെ നീക്കം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുധീരന്‍, എ.കെ ആന്റണിയുടെ പേരുയര്‍ത്തിയാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിഷ്പ്രഭരാകും.

Top