മുന്‍ വിദ്യാര്‍ത്ഥി നേതാവിനോട് ഒരിക്കലും സിപിഎം പ്രവര്‍ത്തകര്‍ ചെയ്തുകൂടാത്തത്‌…

എസ്എഫ്‌ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലാല്‍ കിഷോറിനെ വീടിന് മുന്നില്‍വച്ച് ഭാര്യയുടെയും കുട്ടിയുടെയും മുമ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണ്.

കേരളത്തില്‍ കത്തിപ്പടര്‍ന്ന നിരവധി വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്നണി പോരാളിയായി 2002-2005 കാലഘട്ടങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ തിളങ്ങിനിന്ന ലാല്‍ കിഷോറിനെ പോരാട്ടവീര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനും മറക്കാന്‍ കഴിയില്ല.

unnamed

ആ യുവ പോരാളിയെയാണ് ചെങ്കൊടിയുടെ അപമാനമായ ഒരു സംഘം ചവിട്ടിയരച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റിരുന്ന ലാലിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തോടും വര്‍ഗ്ഗീയ സംഘടനകളോടും കൂട്ടുകൂടാതെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ച സുഹൃത്തുകൂടിയായ ടി.പി ചന്ദ്രശേഖരന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതിനാലാണ് ലാല്‍കിഷോറിനും എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗം കൂടിയായിരുന്ന അകാലത്തില്‍ മരണപ്പെട്ട കെ.എസ് ബിമലിനും സുഹൃത്തുക്കള്‍ക്കും സിപിഎമ്മിനോട് വിടപറയേണ്ടി വന്നിരുന്നത്.

സ്വന്തം കുടുംബം പോലും ശരിയായി നോക്കാന്‍ പറ്റാതെ, പാര്‍ട്ടിക്കുവേണ്ടി ഒരു പുരുഷായുസ്സ് മാറ്റിവച്ച കമ്യൂണിസ്റ്റുകാരന്‍ കമ്യൂണിസ്റ്റ് ‘ക്രിമിനലുകളാല്‍’ കൊല ചെയ്യപ്പെട്ടതുകൊണ്ടാണ് പാര്‍ട്ടി അച്ചടക്കത്തിന്റെ വന്‍മതില്‍ തകര്‍ത്ത് ബിമലും ലാല്‍കിഷോറും ഉള്‍പ്പെടെയുള്ളവര്‍ ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാനും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കടം വീട്ടാനും സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ച് നല്‍കിയത്.

ചെങ്കൊടിയുടെ കോട്ടയില്‍ ഒരു ജീപ്പില്‍ കയറാന്‍ പോലും ആളുകളില്ലാത്ത ഘടക കക്ഷിക്ക് മുന്നില്‍ ചെങ്കൊടി അഴിച്ചുവയ്ക്കാന്‍ പറഞ്ഞ നേതൃത്വത്തോടുള്ള പ്രതിഷേധം പാര്‍ട്ടിയോട് വിടപറയേണ്ട സാഹചര്യത്തില്‍ ടി.പി ചന്ദ്രശേഖരനെ കൊണ്ടെത്തിച്ചപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തോടും വര്‍ഗ്ഗീയ സംഘടനകളോടും തുല്യ അകലം അദ്ദേഹം പാലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകേണ്ടി വന്നിട്ടും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് ജീവിച്ച ചന്ദ്രശേഖരനോടുള്ള പഴയ അടുപ്പം നിലനിര്‍ത്തിയപ്പോഴും ലാല്‍കിഷോറും ബിമലും ചന്ദ്രശേഖരന്റെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

hy

എന്നാല്‍ പിന്നീട് ടി.പി അരുംകൊല ചെയ്യപ്പെട്ടതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ സംഘടനകളില്‍ മുന്നണി പോരാളികളായിരുന്ന അനവധി പേരാണ് ഈ ഒരൊറ്റ സംഭവത്തോടെ കോഴിക്കോട് ജില്ലയില്‍ മാത്രം നിഷ്‌ക്രിയരായത്.

ഇവരില്‍ ഒരു വിഭാഗം പാര്‍ട്ടി നടപടിക്ക് വിധേയരായതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൈവിടാതെ വിവിധ മേഖലകളില്‍ സജീവമാവുകയായിരുന്നു. അതിലെ പ്രധാനിയായിരുന്ന കെ.എസ് ബിമല്‍ അസുഖബാധിതനായി മരണപ്പെട്ടതോടെ ലാല്‍ കിഷോറാണ് പഴയ വിദ്യാര്‍ത്ഥി സഖാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ജനാധിപത്യവേദി എന്ന സംഘടനക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല.

സിപിഎമ്മിന്റെ രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാടുകളെ മാത്രമല്ല നേതാക്കളുടെയും അണികളുടെയും പ്രവര്‍ത്തനരീതിയെയും വിലയിരുത്താനും വിമര്‍ശിക്കാനും എതിര്‍ക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല പഴയ സഖാക്കള്‍ക്കും അവകാശമുണ്ട്.

കാരണം സിപിഎം ആരുടെയും തറവാട്ട് സ്വത്തല്ല. ഏതെങ്കിലും വ്യക്തികളുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ കമ്യൂണിസ്റ്റുകാരെ തല്ലിച്ചതയ്ക്കരുത്. അത് ശരിയായ രാഷ്ട്രീയപ്രവര്‍ത്തനവുമല്ല.

ടി.പിയോട് ചെയ്ത പാപമാണ് സംഘടനാപരമായി പാര്‍ട്ടിയെ സംസ്ഥാനത്ത് ഏറ്റവും അധികം പ്രതിരോധത്തിലാക്കിയതെന്ന യാഥാര്‍ത്ഥ്യം ലാല്‍ കിഷോറിനെ പട്ടിയെ ആക്രമികുന്നത് പോലെ ആക്രമിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ ഓര്‍ക്കണമായിരുന്നു.

പോലീസ് ബൂട്ടുകള്‍ക്ക് നേടാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്ന് ആഗ്രഹിക്കരുത്. അത് അതിമോഹമാണ്. കാരണം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരിക്കെ ലാല്‍ കിഷോര്‍ ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനം ഇന്ന് കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥി -യുവജന നേതാവും വാങ്ങിയിട്ടില്ല എന്നതുതന്നെ.

hg

പോലീസ് ലാത്തിയില്‍ തലപിളര്‍ന്ന് ചോരയില്‍ കുളിച്ച് കിടന്ന ലാല്‍ കിഷോറിനെ വീണ്ടും ആക്രമിക്കാനൊരുങ്ങിയ കാക്കിയുടെ ക്രോധത്തിനു മുന്നില്‍ പ്രതിരോധം തീര്‍ത്ത വിദ്യാര്‍ത്ഥിനികളുടെ ദൃശ്യം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അത് ആവേശം പകര്‍ന്നത് ഒരു തലമുറയുടെ വിപ്ലവ വീര്യത്തിനാണ്.

പത്ത്- പതിനഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്താകമാനം നടന്ന കത്തുന്ന അത്തരം പോരാട്ടങ്ങളാണ് എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐ യെയും സിപിഎമ്മിനെയുമൊക്കെ ശക്തിപ്പെടുത്തിയിരുന്നത്.

ആ സംഘടനാശേഷി നഷ്ടമായതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയനിലടക്കം എസ്എഫ്‌ഐക്ക് ഇപ്പോള്‍ കനത്ത പരാജയം തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വരുന്നത്.

സിപിഎം വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ നേരിടുന്ന ഇത്തരം തിരിച്ചടികള്‍ തന്നെയാണ് യുഡിഎഫിനും ബിജെപിക്കും കേരളത്തെ സംബന്ധിച്ച് പുതിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

പ്രതിസന്ധികളില്‍ എപ്പോഴും 93 കാരന്റെ പിന്‍ബലം രക്ഷയാവില്ലെന്ന് തിരിച്ചറിഞ്ഞ് സംഘടനാപരമായ പാളിച്ചകള്‍ തിരുത്താനാണ് സിപിഎം ഘടകങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അടിച്ചമര്‍ത്താനല്ല.

അടിച്ചമര്‍ത്തല്‍ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നേടാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇവിടെ ഒരു കമ്യൂണിസ്റ്റ് കാരനുമുണ്ടാകില്ലായിരുന്നു. കൊടിയ മര്‍ദ്ദനങ്ങള്‍ ‘ആവേശ’മാക്കി മാറ്റിയാണ് കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ വളര്‍ന്ന് വന്നത്.

Team Express Kerala

Top