ഒരു മാസത്തിനിടെ നാലു ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്തു ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചത് 407374 പേര്‍ക്കെതിരേ. അപകടങ്ങളും ഗതാഗത പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ട്രാഫിക് നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണു കേരള പൊലീസ് കഴിഞ്ഞ ഒരു മാസം പരിശോധന കര്‍ശനമാക്കിയത്.

ഈ കാലയളവില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടു പിഴയായി ഈടാക്കിയത്. 57169700 രൂപയാണ്. മദ്യപിച്ചു വാഹനമോടിച്ചതിനു 16693 പേര്‍ക്കെതിരെയും അമിതവേഗത്തിന് 23307 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് 30092 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 145351 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 4778 പേര്‍ക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 5671 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 11980 പേര്‍ക്കെതിരെയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 8468 പേര്‍ക്കെതിരെയും നടപടിയുണ്ടായി. ഗതാഗത തടസമുണ്ടാക്കുംവിധം പാര്‍ക്ക് ചെയ്തതിന് 25032 പേരില്‍നിന്നു പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 1932 പേര്‍ക്കെതിരെയും യൂനിഫോം ധരിക്കാത്തതിന് 42277 പേര്‍ക്കെതിരെയും മഞ്ഞവര മുറിച്ചുകടന്നതിന് 989 പേര്‍ക്കെതിരെയും ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5792 പേര്‍ക്കെതിരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1651 പേര്‍ക്കെതിരെയും മറ്റു നിയമലംഘനങ്ങള്‍ക്ക് 100054 പേര്‍ക്കെതിരെയുമാണു നടപടിയെടുത്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്ത് 3301 വാഹനാപകടങ്ങളാണുണ്ടായത്. 360 പേര്‍ ഇതോടനുബന്ധിച്ചു മരണപ്പെടുകയും 3090 പേര്‍ക്കു പരുക്കുപറ്റുകയും ചെയ്തു.

Top