ഒന്‍പത് ഗവര്‍ണര്‍മാര്‍ ഉടന്‍; പ്രതീക്ഷയോടെ ഒ. രാജഗോപാല്‍

ന്യൂഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ഈ മാസം 14ന് മോഡി വിദേശപര്യടനത്തിന് പുറപ്പെടും മുന്‍പ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലിനെ പുതിയ ലിസ്റ്റില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

ഹരാജഗോപാലിനെ ഗവര്‍ണറാക്കാന്‍ നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതാണ്. ഒഴിവുവരുന്ന മുറക്ക് നിയമനമെന്നാണ് അറിയിച്ചിരുന്നത്.

നിലവില്‍ ചില ഗവര്‍ണര്‍മാര്‍ രണ്ടും മൂന്നും സംസ്ഥാനങ്ങളുടെ അധിക ചുമതല വഹിക്കുന്നുണ്ട്. അതേസമയം, ആരൊക്കെയാണ് ഗവര്‍ണര്‍മാരാകുക എന്നത് സംബന്ധിച്ച് സൂചനകള്‍ ലഭ്യമായിട്ടില്ല.

ഹിമാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസാം, ബീഹാര്‍, തെലുങ്കാന, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണമാരെയാണ് നിയമിക്കേണ്ടത്. ഇതിന് പുറമേ പുതുച്ചേരിയുടെ ലെഫ്.ഗവര്‍ണറെയും നിയമിക്കേണ്ടതുണ്ട്.

യുപിഎ ഭരണ കാലത്ത് നിയമിതരായ എന്‍.എന്‍ വോറ (ജമ്മു കാശ്മീര്‍), ഇ.എസ്.എല്‍ നരസിംഹന്‍ (ആന്ധ്രാപ്രദേശ്) തുടങ്ങിയവരെ മാറ്റുന്ന കാര്യവും പരിഗണിച്ചേക്കും. നിലവില്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ഡല്‍ഹിയിലെ ലഫ്. ഗവര്‍ണറും യുപിഎ കാലത്ത് നിയമിതരായവരാണ്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പകരം പുതിയ ഗവര്‍ണറെ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, കേരളത്തിന്റെ കാര്യം ഉടന്‍ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.

Top