ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന സബര്‍ജീത്തില്‍ ഐശ്വര്യ റായി കേന്ദ്രകഥാപാത്രമാകുന്നു

ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘സബര്‍ജീത്ത്’ എന്ന ചിത്രത്തിലാണ് താരം ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കാന്‍ ബോളിവുഡ് താരം ഐശ്വര്യ റായി തയ്യാറായിരിക്കുന്നു. മേരി കോം എന്ന ചിത്രത്തിന്റെ സംവിധായകനായ ഒമങ് കുമാര്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ഭിക്കിവിന്റ് സ്വദേശിയായ സബര്‍ജീത്ത് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവമാണ് ചലച്ചിത്രമാകുന്നത്.

1990ല്‍ വയലില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മദ്യം കഴിച്ച സബര്‍ജീത്ത് അശ്രദ്ധമായി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടന്നു. ഇന്ത്യന്‍ ചാരനാണെന്ന് മുദ്രകുത്തി ഇതോടെ സബര്‍ജീത്ത് അറസ്റ്റിലായി. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റിയില്ല.

ഇരുപത്തിമൂന്ന് വര്‍ഷത്തോളം സബര്‍ജീത്തിനെ ലാഹോറിലെ കോട്ട് ലാക്പാത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യയില്‍ അഫ്‌സല്‍ ഗുരുവിനെ വധിച്ച് ദിവസങ്ങള്‍ക്ക് ശേഷം ജയിലിലെ അന്തേവാസികള്‍ ചേര്‍ന്ന് സബര്‍ജീത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

സബര്‍ജീത്തിനെ മകനേപ്പോലെ കണ്ട് സ്‌നേഹിച്ചിരുന്ന സഹോദരി ദല്‍ബീര്‍ കൗര്‍ 23 വര്‍ഷത്തിനിടെ മൂന്ന് തവണ ജയിലില്‍ പോയി കണ്ടിരുന്നു. സഹോദരനെ പുറത്തുകൊണ്ടുവരുക എന്നത് തന്റെ അജണ്ടയാക്കി മാറ്റിയ ദല്‍ബീറിന് എന്നാല്‍ അതിന് സാധിച്ചില്ല. അനുജനെ ജീവനോടെ രക്ഷപെടുത്താനായില്ലെങ്കിലും സബര്‍ജീത്തിന്റെ യഥാര്‍ത്ഥ കഥ ലോകം മുഴുവനും അറിയണമെന്ന് ദല്‍ബീര്‍ ഉറപ്പിച്ചു.

ദല്‍ബീറിന്റെ പോരാട്ടത്തിന്റെ കഥ അവതരിപ്പിക്കാന്‍ ഐശ്വര്യ റായി വളരെ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. സബര്‍ജിത്തിന്റെ വേഷം അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

Top