ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഭീകരര്‍ ഇന്ത്യ ആക്രമിക്കാന്‍ പദ്ധതിയിടുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യസന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ജമ്മുവിലും കാശ്മീരിലും ഇന്ത്യയുടെ മറ്റു പലഭാഗങ്ങളിലും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ലഷ്‌കര്‍ ഇ ത്വോയ്ബ നേതാവ് ഹഫീസ് സയിദിനെ കൂട്ടു പിടിച്ചാണ് ഐ.എസ്.ഐ ആക്രമണത്തിന് പദ്ധതിയിടുന്നത്. 60 ലധികം ലഷ്‌കര്‍ ഇ ത്വോയ്ബ ഭീകരര്‍ ഇന്ത്യ ആക്രമിക്കുന്നതിനായി പാക്കിസ്ഥാന്റെ പഞ്ചാബ് മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതുപോലെ കുറഞ്ഞത് ആറു കേന്ദ്രങ്ങളില്‍ ഭീകരര്‍ നിലയുറപ്പിച്ചിട്ടുള്ളതായാണ് സൂചന.

അതിര്‍ത്തി കടക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നതായി ബി.എസ്.എഫിന് വിവരം ലഭിച്ചിട്ടുണ്ട്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ലഷ്‌കര്‍ ഇ ത്വോയ്ബ ഭീകരര്‍ വഴി തെറ്റാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ ഭീകരരുടെ കൈവശം ഉള്ളതായാണ് സൂചന.

ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. പ്രസിഡന്റ് പദവിയിലിരിക്കേ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബറാക്ക് ഒബാമ.

നവംബര്‍ 27ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയതിന് തൊട്ടു മുന്നത്തെ ദിവസം കാശ്മീരിലെ അര്‍ണിയ സെക്ടറില്‍ നാല് ഭീകര്‍ ആക്രമണം നടത്തിയിരുന്നു. ലഷ്‌കര്‍ ഇ ത്വോയ്ബയുടെ ചാവേറുകളാണിവരെന്ന് സംശയിക്കപ്പെട്ടിരുന്നു.

Top