ഒബാമയുടെ സന്ദര്‍ശനം: റസ്‌റ്റോറന്റുകളും ഹോട്ടലുകളും അടച്ചിടണമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹി – ആഗ്ര ഹൈവേയില്‍ എല്ലാ റസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചിടണമെന്ന് അമേരിക്കയുടെ നിര്‍ദ്ദേശം.

അമേരിക്കയുടെ രഹസ്യ വിഭാഗവും ഇന്ത്യയുടെ സുരക്ഷാ വിഭാഗവും തമ്മില്‍ ഇന്നു നടത്തിയ ചര്‍ച്ചയിലാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഒബാമ താജ് സിറ്റിയിലേക്ക് പോകുന്ന ഡല്‍ഹി-ആഗ്ര ഹൈവേയില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഇവിടുത്തെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിടണമെന്ന് ആവശ്യപ്പെട്ടത്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭീകര്‍ ലക്ഷ്യമിട്ടിട്ടുള്ളതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

അതുപോലെ തന്നെ ഒബാമയുടെ സുരക്ഷയ്ക്കായി എമര്‍ജന്‍സി എക്‌സിറ്റ് വഴികളും ഡമ്മി റൂട്ടുകളും ഒരുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് 200 തീവ്രവാദികള്‍ നുഴഞ്ഞു കയറി ഇന്ത്യയിലെ സ്‌കൂളുകള്‍ ആക്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. ഭാര്യ മിഷേലും ഒബാമയെ അനുഗമിക്കുന്നുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കേ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ബറാക്ക് ഒബാമ.

Top