ഇന്ത്യാ സന്ദര്‍ശന വേളയില്‍ ബറാക്ക് ഒബാമ ആക്രമിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ലഷ്‌കര്‍ ഇ തോയ്ബ ആക്രമണം നടത്തുമെന്ന് വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മദ്ധ്യപ്രദേശ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് ലഷ്‌കറെ ഭീകരരായിരിക്കും ആക്രമണം നടത്തുകയെന്നാണ് വിവരം. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഇതുവരെ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലായിരുന്നു.

2008ലെ മുംബൈ ഭീകരാക്രണത്തിന് പിന്നിലും പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയായിരുന്നു. 166 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് വിവരം.

ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. ഇതിന് മുമ്പ് 2010ലും ഒബാമ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരിക്കേ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റായിരിക്കും ഒബാമ.

ലഷ്‌കറെ തോയ്ബ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് കേന്ദ്രം അതീവ ജാഗ്രതയിലാണ്. ഒബാമയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷ ശക്തമാക്കിയേക്കും.

ഇന്നലെ പാക്കിസ്ഥാനിലെ സൈനിക സ്‌കൂള്‍ താലിബാന്‍ ഭീകരര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കിയിരുന്നു. . സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ഡല്‍ഹിയിലെ 160 പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top