ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ച്‌ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതിന്റെ തലേദിവസം പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. പാക്കിസ്ഥാനില്‍ നിരവധി തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായും മറ്റു രാജ്യങ്ങള്‍ക്ക് അത് ഭീഷണിയാണെന്നുമാണ് വൈറ്റ് ഹൗസ് ആരോപിച്ചിരിക്കുന്നത്. ഇന്ത്യയോടൊപ്പം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും അമേരിക്ക വ്യക്തമാക്കി.

തീവ്രവാദ സംഘടനകള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതമായ താവളങ്ങളില്‍ കഴിയുന്നതില്‍ വൈറ്റ് ഹൗസ് ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് റിപ്പബ്ലിക്ക് ആര്‍മി തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കിയിട്ടും തീവ്രവാദ സംഘടനകള്‍ തഴച്ചുവളരുന്നതിനെ അമേരിക്ക കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഒബാമ വരുന്നതിന്റെ തലേദിവസം തന്നെ അമേരിക്ക പാക്കിസ്ഥാനെതിരെ പറഞ്ഞത് ഇന്ത്യയെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ രാജ്യത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്‌കൂളുകളും സ്ഥാപനങ്ങളും തീവ്രവാദികള്‍ ആക്രമിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

ഒബാമയ്ക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും അവസാന നിമിഷം അമേരിക്ക പാക്കിസ്ഥാനെ ചൊടിപ്പിച്ചത് തിരിച്ചടിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Top