ഒടുവില്‍ ബ്രസീല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിജയശ്രീലാളിതരായി

സാവോപോളോ: ഒടുവില്‍ ബ്രസീലുകാര്‍ സ്വന്തം ടീമിന്റെ വിജയം കണ്‍കുളിര്‍ക്കെ കണ്ടു. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ മെക്‌സിക്കോയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബ്രസീല്‍ തോല്‍പ്പിച്ചു.

ലോകകപ്പിനുശേഷം ബ്രസീല്‍ നാട്ടില്‍ കളിച്ച ആദ്യമത്സരമായിരുന്നു ഇത്. കോപ്പയില്‍ താരമാകുമെന്ന് പ്രവചിക്കപ്പെടുന്ന ഫിലിപ്പ് കുട്ടീന്യോയും ഡീഗോ ടാര്‍ഡെല്ലിയുമാണ് സാവോപോളോയിലെ അലയന്‍സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനായി ഗോളടിച്ചത്.

നെയ്മറില്ലാതെയാണ് ബ്രസീല്‍ ഈ മത്സരത്തില്‍ കളിക്കാനിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കേണ്ടിയിരുന്നതിനാല്‍, നെയ്മര്‍ ഇതേവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കാല്‍മുട്ടിന് പരിക്കേറ്റ റൊബീന്യോയും മെക്‌സിക്കോക്കെതിരെ കളിച്ചില്ല.

നെയ്മര്‍ ഇല്ലാതെ എങ്ങനെ കളിക്കാമെന്നതാണ് ഈ സന്നാഹമത്സരങ്ങളിലൂടെ ബ്രസീല്‍ പഠിക്കാന്‍ ശ്രമിക്കുന്നതെന്ന് കുട്ടീന്യോ പറഞ്ഞു. ലോകകപ്പില്‍ നെയ്മറുടെ അഭാവത്തില്‍ ടീം നേരിട്ട തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സ്വന്തം കാണികള്‍ക്കുമുന്നില്‍ വിജയത്തോടെ തിരിച്ചുവരാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രതിരോധനിരതാരം ഡേവിഡ് ലൂയിസ് പറഞ്ഞു. ലോകകപ്പില്‍ ജര്‍മനിയോട് 7-1ന് തോറ്റ മത്സരത്തിലും ഡേവിഡ് ലൂയിസായിരുന്നു ടീം ക്യാപ്റ്റന്‍. ഫുട്‌ബോള്‍ ഇത്തരം ചില അവസരങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുമെന്ന് ലൂയിസ് പറഞ്ഞു.

കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള മെക്‌സിക്കോയുടെ അവസാന സന്നാഹമത്സരമായിരുന്നു ഇത്. ബ്രസീലിന് ഒരു സന്നാഹമത്സരംകൂടി ശേഷിക്കുന്നുണ്ട്. ബുധനാഴ്ച ഹോണ്ടുറാസിനെതിരെ. അടുത്ത ഞായറാഴ്ച പെറുവിനെതിരെയാണ് ബ്രസീലിന്റെ കോപ്പ അമേരിക്ക മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ബുധനാഴ്ച ഹോണ്ടുറാസിനെതിരെ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കുമോ എന്നകാര്യം ഉറപ്പില്ല. പോര്‍ട്ടോ അലെഗ്രെയിലെ ബെയ്‌റഹിയോ സ്റ്റേഡിയത്തിലാണ് ഈ മത്സരം.

Top