ഒടുവില്‍ ദേശീയ അംഗീകാരം പി. വിജയനെ തേടിയെത്തി ; പുരസ്‌കാരം ഏറ്റു വാങ്ങി

ന്യൂഡല്‍ഹി: അഗ്‌നി പരീക്ഷണങ്ങള്‍ തകര്‍ത്തെറിഞ്ഞ ഡിഐജി പി. വിജയന് തന്നെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ പുരസ്‌കാരം
.

പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഐബിഎന്നിന്റെ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ പുരസ്‌കാരം ഏറെ ‘പരീക്ഷണങ്ങള്‍’ ക്കൊടുവില്‍ ഗത്യന്തരമില്ലാതെ മലയാളി ഐപിഎസ് ഓഫീസര്‍ വിജയന് തന്നെ നല്‍കിയത് . ഡല്‍ഹി താജ് പാലസില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിജയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

മുഖ്യമന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉള്‍പ്പെടെയുള്ള ഉന്നതരെ തറപറ്റിച്ചാണ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ പുരസ്‌കാരം വിജയന്‍ കരസ്ഥമാക്കിയത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വിജയന് 51 ശതമാനവും തൊട്ടടുത്ത മത്സരാര്‍ത്ഥി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് 26 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബോളിവുഡ് താരങ്ങളായ അമീര്‍ഖാനും സല്‍മാന്‍ ഖാനുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തിയത്.

നേരത്തെ സിഎന്‍എന്‍ ഐബിഎന്നിന്റെ വിക്കിപീഡിയ പേജില്‍ വിജയനെ വിജയിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് തന്നെ വിക്കിപീഡിയ പേജില്‍ നിന്ന് വിജയന്റെ പേര് മാറ്റി ട്രോള്‍ഫ്രീ നമ്പര്‍ വഴി വീണ്ടും വോട്ടെടുപ്പ് തുടരാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014ന്റെ നിയമാവലി ലംഘിച്ച് നടന്ന ട്രോള്‍ ഫ്രീ വോട്ടെടുപ്പ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് പിന്‍വാതിലില്‍ കൂടി പുരസ്‌കാരം നല്‍കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപത്തിനും കാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അഗ്‌നി പരീക്ഷണത്തിലും വിജയന്‍ വിജയക്കൊടി നാട്ടിയിരിക്കുകയാണ്.

‘അട്ടിമറി’ നീക്കം പരാജയപ്പെട്ടെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാംസ്ഥാനക്കാരനായ ചന്ദ്രശേഖര റാവുവിനും പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് നല്‍കി.

സ്റ്റുഡന്റ് പൊലീസ് സംവിധാനം രാജ്യത്ത് മാതൃകയാക്കി നടപ്പാക്കിയതിനാണ് കേരള ഇന്റലിജന്‍സ് ഡിഐജിയും സ്റ്റുഡന്റ്‌സ് പൊലീസ് നോഡല്‍ ഓഫീസറുമായിരുന്ന വിജയനെ അവാര്‍ഡിന് പരിഗണിച്ചിരുന്നത്. ഫേസ്ബുക്ക് വഴി നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും വിജയന്‍ തന്നെയായിരുന്നു ഒന്നാമതെത്തിയിരുന്നത്. ഒടുവില്‍ അപ്രഖ്യാപിതമായി നടന്ന ടോള്‍ ഫ്രീ വോട്ടെടുപ്പിലും ഈ പൊലീസ് ഓഫീസറെ തളക്കാന്‍ കഴിഞ്ഞില്ല.

ചന്ദ്രശേഖര റാവുവിന് പുറമെ ബോളിവുഡ് താരങ്ങളായ അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒറീസ മുഖ്യമന്ത്രി ബിജു പട്‌നായിക്, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ഇന്ത്യന്‍ ആര്‍മി തുടങ്ങിയവരെ വന്‍ വോട്ട് മാര്‍ജിനില്‍ പിന്‍തള്ളിയാണ് വിജയന്‍ ജനപ്രിയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഭിച്ചു.

Top