ഐ ഫോണ്‍ വളയില്ലെന്ന് ആപ്പിളിന്റെ വിശദീകരണം

ന്യുയോര്‍ക്ക്: ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് ഫോണുകള്‍ വളയുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ആപ്പിള്‍ രംഗത്ത്. സ്‌റ്റെയിന്‍ലസ് സ്റ്റീലും, ടൈറ്റാനിയവുമാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും സ്മാര്‍ട് ഫോണ്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും കരുത്തേറിയ ഗ്ലാസുകളാണ് ഉപയോഗിക്കുന്നതെന്ന് ആപ്പിള്‍ വക്താവ് ട്രൂഡി മുളളര്‍ അറിയിച്ചു.

സാധാരണ ഉപയോഗത്തില്‍ ഫോണ്‍ വളയാനുള്ള സാധ്യത കുറവാണെന്നും ആറുദിവസത്തെ വില്‍പനയ്ക്കുശേഷം ഫോണ്‍ വളഞ്ഞതായുള്ള ഒന്‍പതുപരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ഇമെയിലില്‍ പറയുന്നു. ബെന്‍ഡ് ഗേറ്റ് എന്ന് വിളിക്കപ്പെടുന്ന വാര്‍ത്തകളെത്തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില 3.8 ശതമാനം ഇടിഞ്ഞു.

ഐ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് 8.0.1 ലെ പ്രശ്‌നങ്ങളും കമ്പനിക്ക് മറ്റൊരു തലവേദനയായി. ഉപയോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് ഈ അപ്‌ഡേറ്റ് പിന്‍വലിക്കുകയും പുതിയ അപ്‌ഡേറ്റ് ഉടന്‍ പുറത്തിറക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ തങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങളേപോലെതന്നെ ഉന്നത നിലവാരമുള്ളതാണെന്ന് ആപ്പിള്‍ അവകാശപ്പെട്ടു. ഐഫോണ്‍ പോക്കറ്റിലിട്ട് ഇരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമോ എന്നു പരിശോധിക്കുന്ന ‘സിറ്റ് ടെസ്റ്റും ‘ടോര്‍ഷന്‍ ടെസ്റ്റും നടത്തി വിജയിച്ചതാണെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.

Top