ഐപിഎല്‍ കേസ്‌ വിധി; പൊലീസിനെതിരെ ‘ശ്രീ’യെ ആയുധമാക്കി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അധികാര പരിധിയുള്ള ഡല്‍ഹി പൊലീസിന്റെ വിശ്വാസ്യത ഐ.പി.എല്‍ കേസിലെ കോടതി വിധിയോടെ തകര്‍ന്നത് ഡല്‍ഹി സര്‍ക്കാരും ആയുധമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തില്‍ വരുന്ന ഡല്‍ഹി പൊലീസ്, ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കേന്ദ്രവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അപ്രതീക്ഷിതമായ ആയുധമാണ് ഐ.പി.എല്‍ കേസ് റദ്ദാക്കിയ പാട്യാല കോടതി വിധി.

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 36 പേരെ കുറ്റവിമുക്തമാക്കിയ കോടതി നടപടി ഡല്‍ഹി പൊലീസിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ തിരിച്ചടിയാണ്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രംഗത്ത് വരികയും, ഈ നിലപാടിനെ പിന്‍തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്ങ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തതാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴി തുറന്നത്.

സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാതെ മുന്നോട്ട് പോകുന്ന ഡല്‍ഹി പൊലീസിനെ പാഠം പഠിപ്പിക്കാന്‍ അടുത്തയിടെ തെരുവില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവം ആം ആദ്മി പാര്‍ട്ടി ആയുധമാക്കിയിരുന്നു.

ഡല്‍ഹിയില്‍ ശക്തമായി അലയടിച്ച ഈ പ്രതിഷേധത്തില്‍പെട്ട് ഇഴയുമ്പോഴാണ് ഡല്‍ഹി പൊലീസിന് മേല്‍ കനത്ത പ്രഹരമായി ഐ.പി.എല്‍ വിധിയും വന്നത്.

ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിയാതെ കേസ് തള്ളിപ്പോകുമെന്നായപ്പോള്‍ കേസ് നീട്ടിവെപ്പിക്കാന്‍ ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ ശ്രമം നടത്തിയിരുന്നു.

പണവും സമയവും ചെലവാക്കി അന്വേഷിച്ച, രാജ്യം ഉറ്റുനോക്കിയ കേസില്‍ വിചാരണക്കെത്തിയ മുഴുവന്‍ പേരെയും കുറ്റവിമുക്തമാക്കിയത് നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണ്.

തീവ്രവാദ കേസ് ചുമത്തപ്പെട്ടവരെ ഹാജരാക്കുന്ന തരത്തില്‍ മുംബൈയില്‍ വച്ച് പിടികൂടിയ ശ്രീശാന്തിനെ കറുത്ത മൂടുപടമിട്ടാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹിയില്‍ കൊണ്ടുവന്നിരുന്നത്.

ഭീകര കേസിലേത് പോലെ ഭീകര നിയമങ്ങള്‍ ചുമത്തി വിചാരണയും വാദം കേള്‍ക്കലും നിഗൂഢമാക്കാനുള്ള ശ്രമങ്ങളും പിന്നീട് നടന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ വിരുദ്ധ നിയമം ‘മക്കോക്ക’ ചുമത്താനുള്ള നീക്കത്തിന് പിന്നിലും ഇതായിരുന്നു ലക്ഷ്യം.

ഒടുവില്‍ കോടതി വിധി പുറത്തു വന്നപ്പോള്‍ രാജ്യ തലസ്ഥാനത്തിന്റെ കാവല്‍ക്കാരായ ഡല്‍ഹി പൊലീസിന്റെ മുഖംമൂടിയാണ് അഴിഞ്ഞ് വീണത്. പൊലീസിന്റെ ‘മാനം’ കാക്കാന്‍ അപ്പീല്‍ നല്‍കണമെന്ന നിലപാടിലാണിപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

അഴിമതിയുടെയും രാഷ്ട്രീയ ദല്ലാളന്മാരുടെയും വക്താക്കളായി മാറിയ സേനയെ ശുദ്ധീകരിക്കാനും കൂടുതല്‍ കരുത്തുറ്റതാക്കാനും ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനാണ് കെജ്‌രിവാളിന്റെയും സംഘത്തിന്റെയും തീരുമാനം.

മുഖം നഷ്ടപ്പെട്ട ഡല്‍ഹി പൊലീസിന് ശക്തമായ പ്രതിച്ഛായ നല്‍കാനും നേര്‍വഴിക്ക് നയിക്കാനും ഡല്‍ഹിയിലെ ജനകീയ സര്‍ക്കാരിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം.

Top