സുരേഷ്‌ രാജിനോട്‌ സര്‍ക്കാരിന് അയിത്തം; ദീപക്‌ വധ അന്വേഷണ മേല്‍നോട്ടവും ഇല്ല !

തൃശൂര്‍: ജനതാ ദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ചുമതല വഹിക്കുന്ന സുരേഷ് രാജ് പുരോഹിതിന് നല്‍കാതെ എറണാകുളം റേഞ്ച് ഐ.ജിക്ക് നല്‍കിയതില്‍ ഐപിഎസ് ഉദ്യോഗസ്ഥരില്‍ പ്രതിഷേധം ശക്തമാകുന്നു.

മുഖംനോക്കാതെ നടപടി സ്വീകരിക്കുന്നതില്‍ കര്‍ക്കശക്കാരനായ സുരേഷ് രാജ് പുരോഹിതിനെ കണ്ണൂര്‍ റേഞ്ച് ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

നേരത്തെ മുത്തങ്ങ വെടിവയ്പിന് നേതൃത്വം കൊടുത്ത് വിവാദ നായകനായ പുരോഹിതിനെ ഇരുമുന്നണി നേതൃത്വങ്ങള്‍ക്കും ഭയമായതിനാല്‍ ദീര്‍ഘകാലമായി ക്രമസമാധാന ചുമതല മാറി വരുന്ന സര്‍ക്കാരുകള്‍ നല്‍കാറില്ല.

മുത്തങ്ങ സമരത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതോടെയാണ് അന്ന് കെഎപി (4) ക്യാംപ് കമാന്‍ഡന്റായിരുന്ന സുരേഷ് രാജ് പുരോഹിത് പൊലീസ് നടപടിക്ക് ഉത്തരവിട്ടത്. അന്ന് പൊലീസും വനഭൂമി കൈയേറിയ ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കെഎപി പൊലീസുകാരന്‍ അടക്കം രണ്ട്‌ പേരാണ് കൊല്ലപ്പെട്ടിരുന്നത്.

അന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് പൊലീസ് നടപടിക്ക് പുരോഹിത് നേതൃത്വം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

തന്റെ കണ്‍മുന്നില്‍ വച്ച് പൊലീസുകാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതാണ് ശക്തമായി തിരിച്ചടിക്കാന്‍ ഈ ഐപിഎസ് ഓഫീസറെ പ്രേരിപ്പിച്ചച്ചത്.

അഴിമതി ആരോപണത്തിന്റെ നിഴല്‍പോലും തൊടാത്ത കര്‍ക്കശക്കാരനായ പുരോഹിതിന് മികച്ച ട്രാക് റിക്കാര്‍ഡാണ് കേരള പൊലീസിലുള്ളത്.

നേരത്തെ തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന ഗോപിനാഥ് ഒഴിഞ്ഞപ്പോള്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഇദ്ദേഹത്തിന് പൂര്‍ണ്ണ നിയമനം നല്‍കാതെയാണ് ടി.ജെ ജോസിനെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി റേഞ്ച് ഐ.ജിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്.

കോപ്പിയടി വിവാദത്തില്‍പ്പെട്ട് ജോസ് തെറിച്ചതോടെ വീണ്ടും പുരോഹിതിന് താല്‍ക്കാലിക ചാര്‍ജ് നല്‍കുകയായിരുന്നു. എത്ര വലിയ ഉന്നതന്‍ പറഞ്ഞാലും നീതി നോക്കി മാത്രം നിയമം നടപ്പാക്കുന്ന സുരേഷ് രാജ് പുരോഹിതിന് രാഷ്ട്രീയ ശുപാര്‍ശയില്ലാത്തതാണ് നിയമനത്തിന് തിരിച്ചടിയായത്. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഐ.ജിയാണ് സുരേഷ് രാജ് പുരോഹിത്.

ഇതിനിടെയാണ് ദള്‍ നേതാവിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തതിനെതിരെ ജനതാ ദള്‍(യു) സര്‍ക്കാരുമായി ഉടക്കിയത്.

വീരേന്ദ്ര കുമാറിന്റെ ആവശ്യം പരിഗണിച്ച് ഐ.ജിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടപ്പോള്‍ സുരേഷ് രാജ് പുരോഹിതായിരിക്കും അന്വേഷിക്കുക എന്നായിരുന്നു ഡിപ്പാര്‍ട്‌മെന്റ് കരുതിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലാണ് പുരോഹിതിനെ തഴഞ്ഞ് എറണാകുളം റേഞ്ച് ഐ.ജിയായ അജിത് കുമാറിന് അന്വേഷണം കൈമാറിയിരിക്കുന്നത്.

അജിത് കുമാറിന്റെ കഴിവിലും സത്യസന്ധതയിലും ഐപിഎസ് ഓഫീസര്‍മാര്‍ക്ക് മറിച്ചൊരു അഭിപ്രായമില്ലെങ്കിലും, തൃശൂര്‍ റേഞ്ചിന്റെ ചുമതല സുരേഷ് രാജ് പുരോഹിത് വഹിക്കുമ്പോള്‍ തൃശൂരിലെ കൊലപാതക അന്വേഷണ മേല്‍നോട്ട ചുമതല മറ്റൊരു റേഞ്ച് ഐ.ജിക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വികാരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക്.

പത്രപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും മുന്നില്‍ മുട്ടുമടക്കാതെ ചങ്കുറപ്പോടെ നില്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സുരേഷ് ഗോപി സിനിമകളിലെ പൊലീസ് വേഷത്തേയും വെല്ലുന്നതാണ് ഈ ഐപിഎസുകാരന്റെ ട്രാക്ക് റിക്കാര്‍ഡ്.

സുരേഷ് രാജ് പുരോഹിതിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ കടുത്ത പ്രതിഷേധമാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നത്.

Top