മനോജ് എബ്രഹാമിനെതിരായ ആരോപണം പൊളിഞ്ഞു; വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് വിജിലന്‍സ് കണ്ടെത്തി.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്.

ഐ.ജിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെപോലും അമ്പരിപ്പിക്കുന്ന കണക്കുകളാണ് അന്വേഷണത്തില്‍ ലഭിച്ചത്. വെറും 61,000 രൂപ മാത്രമാണ് കൂടുതാലായി കണ്ടെത്തിയത്. ഐ.ജിയുടെ മാസശമ്പളം ആകട്ടെ ഈ തുകയെക്കാള്‍ കൂടുതലുമാണ്.

മനോജ് എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം ബാങ്ക് മുഖാന്തരം സുതാര്യമായാണെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്ക് അടക്കമുള്ള വിദേശ യാത്രകളും മറ്റും സര്‍ക്കാര്‍ അനുമതിയോടെ ഉള്ളതാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഐ.ജി റാങ്കില്‍ സുപ്രധാന ചുമതല വഹിക്കുന്ന മനോജ് എബ്രഹാമിന്റെ സത്യസന്ധത വെളിവാക്കുന്നതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട്.

മനോജ് എബ്രഹാം എറണാകുളം കമ്മീഷണറായിരിക്കെ എറണാകുളത്ത് അനധികൃതമായി ഫ്‌ളാറ്റ് വാങ്ങിയെന്നായിരുന്നു മറ്റൊരു ആരോപോണം. എന്നാല്‍ അന്വേഷണത്തില്‍ മനോജ് എബ്രഹാമിന്റെ സഹോദരിയുടെതാണ് ഫ്‌ളാറ്റ് എന്ന് കണ്ടെത്തി.

പൂനയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായ സഹോദരിയുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ ഈ ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്‌ളാറ്റ് വാങ്ങിയതിന്റെ വ്യക്തമായ രേഖകളും കണക്കുകളും സഹോദരിയുടെ പക്കല്‍ നിന്നും ശേഖരിച്ചത് വിജിലന്‍സ് റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് ഐ.ജി ആയിരുന്നപ്പോള്‍ കമ്പ്യൂട്ടര്‍ വാങ്ങിയതിലും മറ്റും ക്രമക്കേട് നടത്തിയെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ടെന്‍ഡര്‍ വിളിച്ച് നിയമപരമായാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും ഇതെല്ലാം ഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

മനോജ് എബ്രഹാമിനെ വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്കി മനപൂര്‍വം അപമാനിക്കാന്‍ ശ്രമം നടന്നുവെന്ന വാദത്തിന് സ്ഥിരീകരണം നല്‍ക്കുന്നതാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.

പൊതുവെ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന മനോജ് എബ്രഹാമിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ച പരാതിക്കാരന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും സമാനമായ പരാതി നല്‍കിയത് കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

കൈക്കൂലി കേസില്‍ പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഷനിലായ ഉടനെ തന്നെ മനോജ് എബ്രഹാമിനെതിരെ ആരോപണവുമായി പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ രംഗത്ത് വന്നത് ഏറെ സംശയത്തിനിട നല്‍കിയിരുന്നു. എസ്.പി ഓഫീസിലെ നിത്യ സന്ദര്‍ശകനായിരുന്ന ഒരു സാമുദായിക സംഘടനാ നേതാവിന്റെ അടുത്ത ആളായിരുന്നു പരാതിക്കാരന്‍ എന്നതാണ് സംശയത്തിന് ആധാരമായിരുന്നത്.

രാഹുല്‍ ആര്‍ നായര്‍ക്കെതിരായ നടപടിക്ക് വഴിവച്ചത് റേഞ്ച് ഐ.ജി കൂടിയായിരുന്ന മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു. പിന്നീട് ഇന്റലിജന്‍സും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ കോഴ ആരോപണം സ്ഥിരീകരിച്ചതോടെയാണ് രാഹുല്‍ ആര്‍ നായരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

സസ്‌പെന്‍ഷന് ശേഷം ഐ.ജി മനോജ് എബ്രഹാമിനും എഡിജിപി ശ്രീലേഖയ്ക്കുമെതിരെ രാഹുല്‍ ആര്‍ നായര്‍ രംഗത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാമിനെതിരെ തൃശൂര്‍, തിരുവനന്തപുരം വിജിലന്‍സ് കോടതികളില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതി പരാതി നേരത്തെ തന്നെ തള്ളിയിരുന്നു.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതി പരിഗണിക്കും. പഴുതുകളടച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം കീഴുദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുന്ന മേലുദ്യോഗസ്ഥരെ ബാഹ്യശക്തികളെ മുന്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ വകുപ്പുതല നടപടി ഉടന്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

ഐ.ജിക്കെതിരെ ആരോപണമുയര്‍ന്നതിനു പിന്നിലെ എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിമാരുടെയും ഡിവൈഎസ്പിമാരുടെയും സംഘടനയായ പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേരത്തെ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു.

Top