ഐ.ജിക്കെതിരെ പകവീട്ടാന്‍ എസ്.പിയുടെ നീക്കം; ഐ.ജി ഡി.ജി.പിക്ക് കത്ത്‌ നല്‍കി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പര്‍ച്ചേസ് വിവാദം പൊട്ടിത്തെറിയിലേക്ക്. എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഐ.ജി മനോജ് എബ്രഹാം ഡി.ജി.പി.ക്ക് കത്ത് നല്‍കി.

ഇബീറ്റ് സംവിധാനം വാങ്ങിയതിന്റെ രേഖകള്‍ എസ്.പി ചോര്‍ത്തി നല്‍കിയതായാണ് പരാതി. ഐ.ജി മനോജ് എബ്രഹാം ഡി.ജി.പി ടി.പി സെന്‍കുമാറിന് നല്‍കിയ കത്തിലാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രാഹൂല്‍ ആര്‍ നായരെ അന്വേഷണത്തിന് നിയോഗിച്ച നടപടി അന്വേഷിക്കണമെന്നും ഐ.ജി കത്തില്‍ ആവശ്യപ്പെട്ടു.

ക്വാറി ഉടമകളില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ എസ്.പി രാഹൂല്‍ ആര്‍ നായര്‍ക്കെതിരെ ആദ്യം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത് മനോജ് എബ്രഹാമായിരുന്നു.

തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും രാഹൂല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ഡി.ജി.പി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാഹുല്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എസ്.പിയായാണ് വീണ്ടും നിയമനം നല്‍കിയിരുന്നത്. പൊലീസ് ആധുനിക വല്‍ക്കരണത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ബി സന്ധ്യയുടെ കീഴിലാണ് രാഹൂല്‍ പ്രവര്‍ത്തിക്കുന്നത്.

സേനാ നവീകരണത്തിന്റെ പേരില്‍ 1.87 കോടി രൂപ അഴിമതി നടന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ഈ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയെന്നാണ് അവകാശ വാദം.

സംസ്ഥാനത്തെ എട്ട് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയ്ക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാര്‍.

പദ്ധതിയെ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നവീകരണത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഈ പരാതി വന്നതിന് പിന്നിലും പ്രാഥമിക അന്വേഷണം എസ്.പി രാഹൂലിനെ ഏല്‍പ്പിച്ചതിന് പിന്നിലും ഗൂഢാലോചന നടന്നതായി ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തന്നെ സംശയിക്കുന്നുണ്ട്.

വളരെ രഹസ്യ സ്വഭാവമുള്ള ഫയലിലെ കണ്ടെത്തലുകള്‍ എന്ത് തന്നെയായാലും അത് ചോര്‍ത്തി നല്‍കുന്നത് ഒഫീഷ്യല്‍ സീക്രട്ട്‌സ്‌ ആക്ടിന് വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പൊലീസില്‍ എന്ത് ആധുനിക വല്‍ക്കരണം നടപ്പാക്കുമ്പോഴും അതില്‍ നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് ഡി.ജി.പിയും മോഡെണൈസേഷന്‍ എ.ഡി.ജി.പിയുമാണെന്നിരിക്കെ, ഐ.ജി അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിനെ ഒറ്റപ്പെടുത്തി ‘ആക്രമിക്കുന്നതിന്’ പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗവും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

Top