കോഴപ്പണം മടക്കിയ കുഞ്ഞാലിക്കുട്ടിയുടെ സത്യസന്ധത കാണാതെ മാധ്യമങ്ങള്‍

തിരുവനന്തപുരം: 25ലക്ഷം രൂപ കോഴപ്പണം നേരിട്ടെത്തിച്ചിട്ടും വാങ്ങാതെ തിരിച്ചയച്ച് രാഷ്ട്രീയ സത്യസന്ധത കാട്ടിയ വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി തിരസ്‌കരിച്ച് മാധ്യമങ്ങള്‍. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന മന്ത്രിസഭയെ മുള്‍മുനയില്‍ നിര്‍ത്തിയ ബിജു രമേശാണ് രാഷ്ട്രീയ രംഗത്തെ ആ അപൂര്‍വ ദൃശ്യം വാര്‍ത്താ ലേഖകര്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞത്.

ബാര്‍ വിഷയത്തില്‍ പിന്‍തുണ തേടി കുഞ്ഞാലിക്കുട്ടിയുടെ അടുത്തുപോയ താനുള്‍പ്പെടെയുള്ള ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ നടപടിയെന്നാണ് ബിജു രമേശിന്റെ വിശദീകരണം. ഐസ്‌ക്രീം കേസില്‍ ആരോപണം ഉയര്‍ന്ന ഘട്ടം മുതല്‍ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടരുകയും മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ പ്രതിപക്ഷത്തിന് ‘മൂര്‍ച്ച’ പകരുകയും ചെയ്ത മാധ്യമങ്ങളാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന് മുന്നില്‍ കണ്ണടച്ചത്.

മന്ത്രിസഭയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മന്ത്രി ആര്യാടന്‍ മുഹമ്മദും, ആര്‍എസ്പി പ്രതിനിധി ഷിബു ബേബി ജോണും കോഴപ്പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ബിജു രമേശ് വ്യക്തമാക്കി. ബാര്‍ കോഴ വിവാദം കേന്ദ്ര ഏജന്‍സികളുടെ രംഗപ്രവേശത്തോടെ വീണ്ടും വിവാദമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

‘മാണി കോഴ’കേസില്‍ മന്ത്രി മാണിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ സംസ്ഥാന വിജിലന്‍സ് അധികൃതര്‍ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ വിവരങ്ങള്‍ മുന്‍നിര്‍ത്തി മാണിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇന്‍കം ടാക്‌സ് – എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. കോഴപ്പണം നല്‍കാന്‍ കൊല്ലത്തെ വ്യവസായ പ്രമുഖന്‍ നല്‍കിയ 5 കോടിയുടെ ഉറവിടമടക്കം എല്ലാം സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.

ബാര്‍ അസോസിയേഷന്റെ മിനിട്‌സ്, പണം നല്‍കിയതായുള്ള ശബ്ദ രേഖ, ബിജു രമേശിന്റെ വെളിപ്പെടുത്തല്‍, ടെലിഫോണ്‍ വിശദാംശങ്ങള്‍, മന്ത്രി വസതിയിലെ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് – എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമായിട്ടുണ്ട്.

മാണിക്ക് പുറമെ കോണ്‍ഗ്രസ് മന്ത്രിമാരടക്കം മിക്കവരും പണം വാങ്ങിയതായ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥ തലത്തിലെ തീരുമാനം.

Top