ഐസിസി ഏകദിനറാങ്കിങ് കോഹ്‌ലി രണ്ടാമത്

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ വിരാട് കോഹ്ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്തി. കോഹ് ലിക്ക് 862പോയന്റാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് നയിക്കുന്ന പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് മൂന്നാമത്. ഡിവില്ലിയേഴ്‌സിന് 888 പോയന്റും അംലയ്ക്ക് 845 പോയന്റുമുണ്ട്. ഏഴാമതുള്ള മഹേന്ദ്രസിങ് ധോനിയാണ് പട്ടികയിലുള്ള മറ്റൊരിന്ത്യന്‍ കളിക്കാരന്‍.

ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് ഒന്നാമത്. പക്ഷേ രണ്ടാമതുള്ള ഓസ്‌ട്രേലിയന്‍ ടീമിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ ജയം നേടാനായാല്‍ ഇന്ത്യയെ മറികടക്കാന്‍ സാധിക്കും.ബൗളര്‍മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് മുമ്പിലുള്ള ഇന്ത്യന്‍ താരം.ഒന്നാം സ്ഥാനത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ താരം സയീദ് അജ്മലാണ്. രണ്ടാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരെയിനും മൂന്നാമത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നുമാണ്.

Top