ഐസിസില്‍ ചേരാന്‍ ശ്രമിച്ച മുംബൈ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുന്നതിന് ശ്രമിച്ച മുംബൈ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ്ബുക്ക് അക്കൗണ്ടില്‍ ലേഖനം എഴുതിയ ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടന്നത്. ബാന്ദ്രയില്‍ നിന്ന് ചൊവ്വാഴ്ച ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുകയായിരുന്നു.

സുബെര്‍ അഹമ്മദ് ഖാന്‍ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് തന്റെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഐ.എസിന്റെ വക്താവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതായും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഐസിസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയെ അഭിസംബോധന ചെയ്തുള്ളതായിരുന്നു പോസ്റ്റ്. മേമനെ രക്തസാക്ഷിയായി പോസ്റ്റില്‍ വാഴ്ത്തുകയും ചെയ്തിരുന്നു.

Top