ഐപിഎല്‍: സണ്‍റൈസേഴ്‌സിന് മൂന്നാം ജയം

മൊഹാലി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 20 റണ്‍സിനു പരാജയപ്പെടുത്തി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ എട്ടാം സീസണിലെ മൂന്നാം ജയം ആഘോഷിച്ചു. ടോസ് ജയിച്ച കിംഗ്‌സ് ഇലവന്‍, സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

തുടക്കം മോശമായ സണ്‍റൈസേഴ്‌സിന് നായകന്‍ ഡേവിഡ് വാര്‍ണര്‍ (58), മോസിസ് ഹെന്റിക്‌സ് (30), നമാന്‍ ഓജ (28), ആഷിഷ് റെഡ്ഡി (22) എന്നിവരുടെ പ്രകടനമാണ് മാന്യമായ സ്‌കോര്‍ നല്‍കിയത്. മിച്ചല്‍ ജോണ്‍സണും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

സ്ഥിരം ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ പുറത്തിരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. മുരളി വിജയിക്കൊപ്പമെത്തിയത് മനന്‍ വോറ. എന്നാല്‍, ഈ മാറ്റത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. 72 റണ്‍സെടുത്തപ്പോള്‍ അഞ്ചു വിക്കറ്റുകളാണ് നിലംപൊത്തിയത്. ആറാം വിക്കറ്റില്‍ ചേര്‍ന്ന വൃദ്ധിമന്‍ സാഹയും അക്ഷര്‍ പട്ടേലും 44 റണ്‍സ് നേടി പഞ്ചാബിനു പ്രതീക്ഷ പകര്‍ന്നു. സാഹ 42 റണ്‍സെടുത്തു. എന്നാല്‍, പതിനേഴാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ പട്ടേലിനെ ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കി സണ്‍റൈസേഴ്‌സിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. സൂപ്പര്‍ ബൗളര്‍ സ്റ്റെയിനിനു പകരമിറങ്ങിയ ട്രെന്‍ഡ് ബോള്‍ട്ട് മിന്നും ബൗളിംഗ് കാഴ്ചവച്ചു. നാലോവറില്‍ 19 റണ്‍സ് വഴങ്ങി അദ്ദേഹം സണ്‍ റൈസേഴ്‌സിനുവേണ്ടി മൂന്നു വിക്കറ്റ് നേടി.ഏഴു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുള്ള സണ്‍ റൈസേഴ്‌സ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്.

Top