ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി. ഇതോടെ 12 കളികളില്‍നിന്ന് 16 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം തേടിയുള്ള രാജസ്ഥാന്റെ പ്രയാണം 20 ഓവറില്‍ ഒമ്പതിന് 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാനെ വരിഞ്ഞുകെട്ടിയത്. മോഹിത് ശര്‍മ്മ മൂന്നും ബ്രാവോ രണ്ടും വിക്കറ്റ് നേടി. 28 റണ്‍സെടുത്ത വാട്ട്‌സനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി സാംസണ്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്വന്തം തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍കിങ്‌സ് നിശ്ചതി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കുകയായിരുന്നു. 81 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലത്തിന്റെ മികച്ച ബാറ്റിംഗാണ് ചെന്നൈയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 61 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിംഗ്‌സ്. ഫാഫ് ഡുപ്ലെസിസ് 29 റണ്‍സെടുത്തു. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ക്രിസ് മോറിസ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

ചെന്നൈയ്‌ക്കെതിരെ തോറ്റതോടെ 13 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. മെയ് 16നു നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയിച്ചാല്‍പ്പോലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളത്. മറ്റു ടീമുകളുടെ മല്‍സരഫലം രാജസ്ഥാന് നിര്‍ണായകമാണ്. ചെന്നൈയുടെ അടുത്ത മല്‍സരം മെയ് 12ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെയാണ്.

Top