ഐപിഎല്‍: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ 25 റണ്‍സിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ കടന്നു.

മുംബൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ വെല്ലുവിളി ആറു പന്തുകള്‍ ബാക്കിനില്‍ക്കെ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 187 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ കരുത്തരായ ബാറ്റിംഗ് നിര മുംബൈയുടെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു.

നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി മലിംഗ ബൗളിംഗ് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഡുപ്ലിസിന് മാത്രമാണ് (45) ചെന്നൈ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ഡെയ്ന്‍ സ്മിത്തും ധോണിയും സംപൂജ്യരായി മടങ്ങിയപ്പോള്‍ ഹസിക്കും (16) സുരേഷ് റെയ്‌നക്കും (25) ബ്രാവോയ്ക്കും (20) കാര്യമായൊന്നും ചെയ്യാനായില്ല. വാലറ്റത്ത് ജഡേജയും (10 പന്തില്‍ 19) ആര്‍.അശ്വിനും (12 പന്തില്‍ 23) ആഞ്ഞടിച്ചെങ്കിലും വിജയത്തിന് അതുമതിയാകുമായിരുന്നില്ല.

നേരത്തെ ലെന്‍ഡില്‍ സിമ്മണ്‍സിന്റെയും (65) പാര്‍ഥിവ് പട്ടേലിന്റെയും (35) കീറോണ്‍ പൊള്ളാര്‍ഡിന്റെയും (41) ബാറ്റിംഗ് മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. മുംബൈക്കുവേണ്ടി പാര്‍ഥിവും സിമ്മണ്‍സും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 10.4 ഓവറില്‍ 90 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട,് സ്‌കോര്‍ കുതിച്ചുകയറാന്‍ സഹായിച്ചു. പൊള്ളാര്‍ഡ് 17 പന്തില്‍ നിന്നാണ് 41 റണ്‍സെടുത്തത്.

തോറ്റെങ്കിലും ചെന്നൈയ്ക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫെയറില്‍ ജയിച്ചാല്‍ ചൊന്നൈയ്ക്ക് ഫൈനല്‍ കാണാം. ഞായറാഴ്ച കൊല്‍ക്കത്തയിലാണ് ഫൈനല്‍. മൂന്നാം തവണയാണ് മുംബൈ ഫൈനലിലെത്തുന്നത്.

Top