ഐപിഎല്‍ : ചെന്നൈയെ തകര്‍ത്ത് മുംബൈ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി

കൊല്‍ക്കത്ത: കരീബിയന്‍ രസക്കൂട്ടും ടീം സ്പിരിറ്റും ഒത്തുചേര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനു രണ്ടാം ഐപിഎല്‍ കിരീടം. ധോണിപ്പടയെ 41 റണ്‍സിനു തറപറ്റിച്ചാണു രോഹിത് ശര്‍മയും കൂട്ടരും വിജയമാഘോഷിച്ചത്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ അഞ്ചിന് 202, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-20 ഓവറില്‍ എട്ടിനു 161.

വിന്‍ഡീസ് താരങ്ങളായിരുന്നു മുംബൈ ജയത്തില്‍ നിറഞ്ഞുനിന്നത്. ആദ്യം ലെന്‍ഡല്‍ സിമണ്‍സിന്റെ വെടിക്കെട്ട്. അവസാന ഓവറുകളില്‍ കയ്‌റോണ്‍ പൊളാര്‍ഡിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ്. മഞ്ഞപ്പടയെ തൂത്തെറിയാന്‍ ഇത്രയൊക്കെ മതിയായിരുന്നു. സിമണ്‍സ് 68ഉം നായകന്റെ കളി കളിച്ച രോഹിത് ശര്‍മ 26 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 50 റണ്‍സും നേടി. രോഹിതാണു മാന്‍ ഓഫ് ദ മാച്ച്. 2013ലും മുംബൈ കിരീടം ചൂടിയിരുന്നു. ചെന്നൈ ഇത് ആറാം തവണയാണു ഫൈനലിലെത്തിയത്.

ഈ സീസണില്‍ നാലു മത്സരങ്ങളില്‍ ഇതു മൂന്നാം തവണയാണു മുംബൈ ചെന്നൈയെ പരാജയപ്പെടുത്തുന്നത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ പരിശീലന മികവും സച്ചിന്റെ മെന്‍ഡര്‍ഷിപ്പും മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. കീരിടനേട്ടത്തോടെ കൊല്‍ക്കത്തയ്ക്കും ചെന്നൈയ്ക്കുമൊപ്പം രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടം മുംബൈയ്ക്ക് സ്വന്തമായി.

Top