ഐപിഎല്‍ ഒത്തുകളി: പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ ഡല്‍ഹി പൊലീസിനെതിരെ കോടതി. പൊലീസിന്റെ ഒത്തുകളി സിദ്ധാന്തത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്ര്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ പൊലീസ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രതികള്‍ ഒത്തുകളിച്ചു എന്നത് സ്ഥാപിക്കാന്‍ ആവശ്യമായ എന്ത് തെളിവാണുള്ളതെന്നും കോടതി ചോദിച്ചു.

മലയാളിതാരം ശ്രീശാന്ത് അടക്കമുള്ളവര്‍ പ്രതിയായ കേസിലാണ് ഡല്‍ഹി പൊലീസിന്റെ വാദങ്ങളെ കോടതി പൂര്‍ണമായും തള്ളിയത്. പൊലീസ് ഹാജരാക്കിയ ടെലഫോണ്‍ സംഭാഷണങ്ങളില്‍ പ്രതികള്‍ ഒത്തുകളിച്ചുവെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളില്ലെന്നും ബെറ്റിങ്ങിനെ കുറിച്ചാണ് അതില്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ബെറ്റിങ് ഒരു അപരാധമാണോ എന്നും പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു.

ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീനാ ബന്‍സല്‍ കൃഷ്ണയാണ് കേസ് പരിഗണിച്ചത്. വാതുവെപ്പ് അപരാധമല്ലെങ്കിലും നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ മറുപടി നല്‍കി. ക്രിമിനല്‍ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ബെറ്റിങ് നിയമ വിരുദ്ധമാകുന്നതെന്നായി കോടതി. വാതുവയ്പ് ക്രിമിനല്‍ കുറ്റമല്ലെന്നും സിവില്‍ നിയമ പ്രകാരം മാത്രമാണ് നിയമവിരുദ്ധമാകുന്നതെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

പ്രതികള്‍ വാതുവെപ്പ് മാത്രമല്ല ഒത്തുകളിയും നടത്തിയിട്ടുണ്ടെന്നും ഫോണ്‍ സംഭാഷണങ്ങള്‍ അത് സാധൂകരിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണ്‍ സംഭാഷണങ്ങള്‍ പ്രതികള്‍ക്ക് അധോലോകവുമായുള്ള ബന്ധം വെളിവാക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇതിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിവെച്ചു.

Top