ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് വമ്പന്‍ ജയം

ചെന്നൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്പന്‍ ജയം. 97 റണ്‍സിനാണ് അവര്‍ പഞ്ചാബിനെ തകര്‍ത്തത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ചെന്നൈയ്ക്കായി. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 192/3 (20), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 95/9 (20). ചെന്നൈയ്ക്കായി 44 പന്തില്‍ 66 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ കേമന്‍.

ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിന്റെ വിക്കറ്റുകള്‍ തുടര്‍ച്ചായായി വീണുകൊണ്ടിരുന്നു. സെവാഗ്(1) ആദ്യ ഓവറില്‍ തന്നെ പുറത്തായത് കാര്യങ്ങള്‍ പഞ്ചാബിനനുകൂലമല്ലെന്നതിന് തെളിവായിരുന്നു. ഷോണ്‍ മാര്‍ഷ്(10), ജോര്‍ജ് ബ്യെ്‌ലി(1), ഡേവിഡ് മില്ലര്‍(3) എന്നിവരൊക്കെ പെട്ടെന്ന് പുറത്തായപ്പോള്‍ തന്നെ പഞ്ചാബ് തോല്‍വി ഉറപ്പിച്ചു. മാക്‌സ്വെല്ലിനെ ടീമിലുള്‍പ്പെടുത്താതിരുന്നതും അവര്‍ക്ക് തിരിച്ചടിയായി. വൃദ്ധിമാന്‍ സാഹയുടെ പോരാട്ടം 15 റണ്‍സിലവസാനിച്ചതോടെ ടീം ഒരു വലിയ തോല്‍വിലേക്ക് നീങ്ങി. ചെന്നൈയ്ക്കായി ജഡേജ മൂന്നും അശ്വിനും നെഹ്‌റയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സ്മിത്ത്(13 പന്തില്‍ 26), റെയ്‌ന(29), ക്യാപ്റ്റന്‍ ധോണി(27 പന്തില്‍ 41) എന്നിവരുടെ ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Top