ഐജിക്ക് ഡിവൈഎസ്പിമാരുടെ പിന്‍തുണ; എസ്പി രാഹുലിനെതിരെ പരാതി നല്‍കി

തിരുവനന്തപുരം: റേഞ്ച് ഐജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ മനോജ് എബ്രഹാമിന് പിന്‍തുണ പ്രഖ്യാപിച്ച് പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. മനോജ് എബ്രഹാമിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എസ്പി രാഹുല്‍ ആര്‍ നായരാണെന്ന് ആരോപിച്ച് രംഗത്ത് വന്ന സംഘടന ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഐപിഎസുകാരനായ എസ്.പിക്കെതിരെ എസ്.പിമാരും ഡിവൈഎസ്പിമാരും ഉള്‍പ്പെട്ട സംഘടന പരാതി നല്‍കുന്നത്. രാഹുല്‍ ആര്‍ നായര്‍ സര്‍വ്വീസിന് വെളിയില്‍ നിന്ന് മേലുദ്യോഗസ്ഥനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് നടത്തുന്നതെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടെന്നും സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി.ബി പ്രശോഭ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആരോപണ വിധേയര്‍ അന്വേഷണം നേരിട്ട് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും ബാഹ്യ ശക്തികളെ ഉപയോഗിച്ച് മേലുദ്യോഗസ്ഥരെ അപമാനിക്കുകയല്ല ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയ പരാതിയില്‍ ഇത്തരം നീക്കങ്ങള്‍ സേനയുടെ മനോവീര്യം കെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മനോജ് എബ്രഹാമിനെതിരെ തൃശൂര്‍,തിരുവനന്തപുരം വിജിലന്‍സ് കോടതികളില്‍ പത്തനംതിട്ട സ്വദേശി പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുള്ളതിനാല്‍ ഇക്കാര്യത്തേക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Top