ഐ.ജിക്കെതിരായ പരാതിയുടെ മുനയൊടിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി…

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായര്‍ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെതിരെ ഉന്നയിച്ച ആരോപണം മുന്‍നിര്‍ത്തി പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് എന്‍ക്വയറി കമ്മീഷണറും സ്‌പെഷ്യല്‍ ജഡ്ജിയുമായ ജോണ്‍ കെ ഇല്ലിക്കാടന്‍ ഹര്‍ജി മടക്കിയത്. പത്തനംതിട്ട ആറന്മുള സ്വദേശിയായ പി.പി ചന്ദ്രശേഖരന്‍ നായരാണ് മനോജ് എബ്രഹാമിനെതിരെ പരാതി നല്‍കിയിരുന്നത്.

പത്തനംതിട്ടയിലെ ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിജിലന്‍സ് കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.പി ആയിരുന്ന രാഹുല്‍ ആര്‍ നായരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് എസ്.പിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഐ.ജി മനോജ് എബ്രഹാമിനും എഡിജിപി ശ്രീലേഖയ്ക്കുമെതിരെ അഴിമതി ആരോപണമുയര്‍ത്തി രാഹുല്‍ രംഗത്ത് വരികയായിരുന്നു.

ക്വാറി ഉടമകളുമായും മറ്റുമുള്ള സൗഹൃദം ഉപയോഗിച്ച് മനോജ് എബ്രഹാം അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരും വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്. നേരത്തെ ഇതുസംബന്ധമായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ ചന്ദ്രശേഖരന്‍ നായര്‍ ഒരേസമയം തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും പരാതി നല്‍കിയത് ഏറെ വിവാദമായിരുന്നു.

കേരള പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ബി പ്രശോഭ് ഇതുസംബന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനും ആഭ്യന്തര മന്ത്രിക്കും രേഖാമൂലം പരാതിയും നല്‍കിയിരുന്നു.

ആരോപണ വിധേയര്‍ അന്വേഷണം നേരിട്ട് സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് പകരം ബാഹ്യ ശക്തികളെ ഉപയോഗിച്ച് മേലുദ്യോഗസ്ഥരെ അപമാനിക്കാനുള്ള നീക്കം അഗീകരിക്കാന്‍ കഴിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ ‘പ്രതിസ്ഥാനത്ത് ‘ നിര്‍ത്തി എസ്.പി മാരുടെയും ഡിവൈഎസ്പിമാരുടെയും സംഘടന നല്‍കിയ ഈ പരാതിക്കെതിരെ രാഹുല്‍ നായര്‍ മുഖ്യമന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടിരുന്നു.

തിരുവനന്തപുരം കോടതി തള്ളിയ ചന്ദ്രശേഖരന്‍ നായരുടെ സമാനപരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഈ മാസം പത്തിന് മനോജ് എബ്രഹാം വിശദീകരണം നല്‍കും.

രാഹുല്‍ നായര്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ഐ.ജി മനോജ് എബ്രഹാമിന്റെയും എഡിജിപി ശ്രീലേഖയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്.

പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം ഐ.ജി മനോജ് എബ്രഹാമിനെതിരെ രാഹുല്‍ ആര്‍ നായര്‍ നടത്തുന്ന നീക്കങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ വിളിച്ച് ശാസിക്കണമെന്ന് നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന പൊലീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മനോജ് എബ്രഹാമിനെതിരെ വ്യക്തി വൈരാഗ്യം മുന്‍നിര്‍ത്തി ജൂനിയര്‍ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ അതൃപ്തിക്കാണ് കാരണമായിട്ടുള്ളത്.

Top