ഐജി മനോജ് എബ്രഹാമിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന

തിരുവനന്തപുരം: എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി ഐ.ജി മനോജ് എബ്രഹാമിനെതിരേയും എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെയും ആരോപണമുന്നയിച്ചതിന് പിന്നിലും ഗൂഢാലോചന.

ക്വാറി ഉടമകള്‍ക്കനുകൂലമായി ഐ.ജിയും എ.ഡി.ജി.പിയും സമ്മര്‍ദം ചെലുത്തിയെന്ന് രാഹുല്‍ ആര്‍ നായര്‍ മൊഴി നല്‍കിയതും പിന്നീട് അത് പുറത്താക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായതായാണ് സൂചന.

ക്വാറി ഉടമകള്‍ക്കുവേണ്ടി എസ്.പിയെ ഐ.ജി വിളിച്ചുവെന്ന് പറയുന്ന ആരോപണം തെറ്റാണെന്ന് ഐ.ജിയുടെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം ബോധ്യപ്പെട്ടിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് അനാവശ്യമായി തങ്ങളുടെ പേര് വലിച്ചിഴച്ച് വിവാദമാക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ.ജി മനോജ് എബ്രഹാമും എ.ഡി.ജി.പി ശ്രീലേഖയും ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുള്ളത്.

എസ്.പിക്കെതിരെ സീനിയറായ രണ്ട് ഐ.പി.എസ് ഓഫീസര്‍മാര്‍ പരാതി നല്‍കുന്ന സാഹചര്യം സംസ്ഥാനത്ത് ഇത് ആദ്യമാണ്. പരാതി സംബന്ധിച്ച് ക്രൈംബ്രാഞ്ച്‌ എഡി.ജി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ലെന്ന എസ്.പി രാഹുല്‍ ആര്‍ നായരുടെ വാദം തള്ളി നടപടിക്ക് ശുപാര്‍ശ ചെയ്ത വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ട് അവഗണിക്കാന്‍ അവസാന നിമിഷവും ശക്തമായ ഇടപെടല്‍ നടന്നിരുന്നു.

നിയമ വിരുദ്ധ പ്രവര്‍ത്തിക്ക് മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഡി.ഐജിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഇടപെട്ട ചങ്ങനാശ്ശേരി ‘ലോബി’ തന്നെയാണ് രാഹുല്‍ നായര്‍ക്ക് വേണ്ടിയും രംഗത്ത് വന്നിരുന്നത്. എന്നാല്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമായതോടെ ഒടുവില്‍ എസ്പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു.

ഭരണ-പ്രതിപക്ഷ പാര്‍ട്ടി ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ക്ലീന്‍ ഇമേജുള്ള ഐ.ജി മനോജ് എബ്രഹാമിനെതിരെ ആരോപണമുന്നയിച്ച എസ്.പിയുടെ നടപടി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഐ.ജിക്കും എ.ഡി.ജി.പിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് പിന്നില്‍ ഏതെങ്കിലും ബാഹ്യ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യംകൂടി ക്രൈംബ്രാഞ്ച്‌ പരിശോധിക്കുമെന്നാണറിയുന്നത്.

Top