പൊലീസ് നടപടിയിലൂടെ ഒഴിവാക്കപ്പെട്ടത്‌ കലാപനീക്കം; ഐജിയുടെ നീക്കം ഗുണമായി

തിരുവനന്തപുരം: പൊലീസിന്റെ ശക്തമായ നടപടികള്‍മൂലം ഒഴിവായത് കലാപനീക്കം.

ബജറ്റ് അവതരണം തടയുന്നതിനായി തലസ്ഥാനത്ത് സംഘടിച്ച ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനും മുഴുവന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും സുരക്ഷിതമായി അസംബ്ലിക്കകത്തും പുറത്തും എത്തിക്കാനും പൊലീസിന് കഴിഞ്ഞത് തന്ത്രപരമായ നീക്കങ്ങളെ തുടര്‍ന്നാണ്.

മന്ത്രി മാണിയെ മാത്രമല്ല മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരെയും നിയമസഭാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും നിയമസഭയ്ക്കത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച യുവമോര്‍ച്ചക്ക്, ആ തീരുമാനം നടപ്പാക്കാന്‍ കഴിയാതിരുന്നത് പഴുതടച്ച പൊലീസിന്റെ സുരക്ഷാ കവചത്തെ തുടര്‍ന്നായിരുന്നു.

പിഎംജി ജംഗ്ഷനിലും പാളയത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീണ്ടപ്പോഴും നേതാക്കള്‍ക്കൊപ്പം പൊലീസും ഫലപ്രദമായി ഇടപെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിന്‍തിരിപ്പിച്ചത്.

ബദ്ധവൈരികളായ ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സമരം ചെയ്യുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ ക്രമീകരിച്ചതും പൊലീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സന്ദര്‍ഭോചിതമായ ഈ ഇടപെടലാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്.

നിയമസഭയ്ക്കകത്ത് സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് മുന്‍പ് തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമാസക്തമായത് സ്ഥിതി വഷളാക്കിയെങ്കിലും ശക്തമായി തിരിച്ചടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെ പ്രവര്‍ത്തകരെ നേതാക്കള്‍ തന്നെ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.

എംഎല്‍എമാര്‍ക്ക് ആക്രമണമേറ്റെന്ന വാര്‍ത്ത കേട്ടതോടെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്തമായപ്പോള്‍ സംയമനം പാലിക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് പൊലീസ് തയ്യാറായത്. ഇത് സമരക്കാരെ പിന്‍തിരിപ്പിക്കാനും നിയമസഭയിലേക്ക് തള്ളിക്കയറാനുമുള്ള നീക്കം തടയാനും ലക്ഷ്യമിട്ടായിരുന്നു. ഇക്കാര്യത്തില്‍ ഒരു പരിധിവരെ പൊലീസ് വിജയിക്കുകയും ചെയ്തു.

പൊലീസ് വാഹനമുള്‍പ്പെടെ സമരക്കാര്‍ കത്തിക്കുകയും സമരക്കാര്‍ക്കൊപ്പം നിരവധി പൊലീസുകാര്‍ക്കും പരിക്കേല്‍ക്കേണ്ടി വന്നെങ്കിലും പൊലീസ് നടപടി ആക്രമണം കൂടുതല്‍ വ്യാപകമാക്കുന്നതിനെ നിയന്ത്രിക്കാന്‍ സഹായകരമായിരുന്നു. അല്ലെങ്കില്‍ ‘കൂത്തുപറമ്പിന്’ സമാനമായ സാഹചര്യമായിരുന്നു തലസ്ഥാനത്ത് ആവര്‍ത്തിക്കുക.

സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമാസക്തമായ സമയത്ത് തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസുമായി ഏറ്റുമുട്ടിയിരുന്നെങ്കില്‍ സ്ഥിതി കൈവിട്ടുപോകുമായിരുന്നു. കാലത്ത് 9.30-ന് തന്നെ യുവമോര്‍ച്ചക്ക് ഉപരോധ സമരം അവസാനിപ്പിക്കേണ്ടി വന്നതാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയ ഐ.ജി മനോജ് ഏബ്രഹാമിന്റെ നടപടിയാണ് പൊലീസിന് ആത്മധൈര്യം നല്‍കിയതും സമരക്കാരെ പിന്നോട്ടടുപ്പിച്ചതും.

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രക്ഷോഭത്തെ നേരിടാന്‍ ഐ.ജി മനോജ് ഏബ്രഹാമിന് പുറമെ സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷും ഡെപ്യൂട്ടി കമ്മീഷണര്‍ അജിത ബീഗവും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

Top