ഐഒസിയില്‍ സമരം തുടരുന്നു; പാചകവാതക വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് കരാര്‍ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഇതോടെ സംസ്ഥാനത്തെ പാചകവാതക സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

സിലിണ്ടര്‍ ഇറക്കലും കയറ്റലും ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ണമായും കരാര്‍ തൊഴിലാളികളെ ആശ്രയിച്ചായതിനാല്‍ ഇവിടെനിന്നുള്ള സിലിണ്ടര്‍ നീക്കവും ഫില്ലിങ്ങും പൂര്‍ണമായും നിലച്ചു.

ബിപിസിഎല്ലിലെ ലോറി തൊഴിലാളികളുടെ ദിവസങ്ങള്‍ നീണ്ട സമരംമൂലം സിലിണ്ടര്‍ നീക്കം നിലച്ചതിനാല്‍ നിലവില്‍ സംസ്ഥാനത്തു പാചകവാതക ക്ഷാമമുണ്ട്. അത് അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ സമരം.

ഫില്ലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ഹൗസ് കീപ്പിങ് വിഭാഗത്തിലെ തൊഴിലാളികളുടെ 28 മാസത്തെ ഇന്‍സന്റീവ് കുടിശിക വീട്ടുക, തൊഴിലാളികളുടെ കരാര്‍ പുതിയ സേവനവേതന വ്യവസ്ഥകളോടെ പുതുക്കുക, കരാര്‍ കാലാവധി കഴിഞ്ഞുള്ള മൂന്നു മാസക്കാലത്തേക്ക് ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകള്‍ ചേര്‍ന്നാണ് ഉദയംപേരൂരില്‍ പണിമുടക്ക് നടത്തുന്നത്.

Top