ഐഎസ് ഭീകരര്‍ ഇറാക്കില്‍ കുട്ടികളേയും ക്രൂരമായി പീഡിപ്പിക്കുന്നു: യുഎന്‍ റിപ്പോര്‍ട്ട്

ജനീവ: ഐഎസ് ഭീകരര്‍ ഇറാക്കില്‍ കുട്ടികളേയും ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് യുഎന്‍ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളേയും വിവിധ സ്ഥലങ്ങളില്‍ നിന്നും അടിമകളാകുന്നവരുടെ മക്കളേയുമാണ് ഇത്തരത്തില്‍ ഐഎസ് പീഡിപ്പിക്കുന്നത്. ലൈംഗിക അടിമകളായി ഇവരില്‍ നല്ലൊരു ശതമാനത്തെ ഐഎസ് ചന്തകളില്‍ വില്‍ക്കുകയാണ്. 18 വയസില്‍ താഴെയുള്ള കുട്ടികളെ മനുഷ്യചാവേറുകളാക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷവിഭാഗമായ യസീദികളുടെയും ക്രൈസ്തവരുടെയും കുട്ടികളെയാണ് ഐഎസ് പരസ്യമായി ക്രൂശിക്കുകയോ ജീവനോടെ കുഴിച്ചിടുകയോ ചെയ്യുന്നു. ആണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്. രാജ്യത്തു നിന്നും ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനാണു കുട്ടികളെ ഇത്തരത്തില്‍ കൊലപ്പെടുത്തുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികള്‍ക്ക് സുരക്ഷ നല്‍കേണ്ട ഇറാക്കി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഐഎസിന്റെ കൈയില്‍ നിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്ന കുട്ടികള്‍ ഇറാക്കി സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഇറാക്കില്‍ ലഭിക്കുന്നില്ല.

Top