ഐഎസ് ക്രൂരത തുടരുന്നു, 322 പേരെ കൂട്ടക്കൊല ചെയ്തു

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസ് ഭീകരര്‍ കൂട്ടക്കൊല തുടരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 322 പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി ഇറാക്കിലെ മനുഷ്യാവകാശവകുപ്പ് അറിയിച്ചു. 50 പേരുടെ മൃതദേഹങ്ങള്‍ ഒരു കിണറ്റില്‍നിന്നു കണെ്ടടുത്തു. കൊല്ലപ്പെട്ടവര്‍ എല്ലാം ഐഎസിനെ എതിര്‍ക്കുന്ന അല്‍ ബു നിമിര്‍ ഗോത്രക്കാരായ സുന്നികളാണ്.

റമാദിക്കു വടക്കുള്ള റാസാ അല്‍മാ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 പേരെ ഭീകരര്‍ ഇന്നലെ നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു. 65 പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.

അല്‍ ബു നിമിര്‍ ഗോത്രക്കാരെന്നു സംശയിക്കുന്ന എല്ലാവരെയും തെരഞ്ഞുപിടിച്ചു വകവരുത്തുകയാണ് ഐഎസിന്റെ പരിപാടിയെന്ന് അന്‍ബാര്‍ പ്രവിശ്യാ കൗണ്‍സില്‍ ഉപമേധാവി ഫാലേ അല്‍ എസാവി അറിയിച്ചു. ഇതേസമയം, കഴിഞ്ഞമാസം 24 മുതല്‍ ഇന്നലെവരെ തന്റെ ഗോത്രക്കാരായ 381 പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണെ്ടന്ന് അല്‍ ബു നിമിര്‍ ഗോത്രനേതാവായ ഷേക്ക് നയിം അല്‍ കൗദ് അല്‍ നിംറാവി പറഞ്ഞു.

അന്‍ബാറിന്റെ ഒട്ടേറെ പ്രദേശങ്ങള്‍ ഐഎസിന്റെ കൈയിലാണ്. തങ്ങളെ എതിര്‍ക്കുന്ന ഗോത്രവര്‍ഗക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് കൂട്ടക്കൊലയിലൂടെ ഐഎസ് ലക്ഷ്യമിടുന്നത്. ഗോത്രവര്‍ഗക്കാരുടെ പിന്തുണയില്ലാതെ പ്രവിശ്യയുടെ ഭരണം പിടിച്ചെടുക്കാനാവില്ലെന്നു ഭീകരര്‍ക്ക് അറിയാം.അന്‍ബാറില്‍ അയ്യായിരത്തിലധികം ഗോത്രവര്‍ഗക്കാര്‍ ഇറാക്ക് സൈന്യത്തോടൊപ്പം ചേര്‍ന്ന് ഭീകരര്‍ക്ക് എതിരേ പോരാടുന്നുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നു.

കൂട്ടക്കൊലയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാനും ഭീകരര്‍ ശ്രമിക്കുന്നുണ്ട്. സിവിലിയന്‍ വേഷത്തിലുള്ള 30 പേരെ കണ്ണുമൂടിക്കെട്ടി, കൈകള്‍ പിന്നില്‍കെട്ടി തെരുവില്‍ നിരത്തിനിര്‍ത്തിയിരിക്കുന്നതാണ് ഒരു ചിത്രം. വെടിയേറ്റശേഷം ഇവരുടെ ദേഹത്തുനിന്ന് രക്തം ഒലിക്കുന്നത് യുവാക്കളും കുട്ടികളും നോക്കിനില്‍ക്കുന്നതാണ് മറ്റൊരു ചിത്രം.

Top