ഐഎസ്എല്‍ രണ്ടാം സീസണ്‍: സുനില്‍ ഛേത്രിയെ മുംബൈ എഫ്‌സി 1.2 കോടിക്ക് സ്വന്തമാക്കി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ലേലം മുംബൈയില്‍ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായ സുനില്‍ ഛേത്രിയെ മുംബൈ എഫ്‌സി 1.2 കോടി രൂപയ്ക്ക് സ്വന്തമാക്കി. 80 ലക്ഷം രൂപയായിരുന്നു ഛേത്രിയുടെ അടിസ്ഥാന വില.

മലയാളിയായ പ്രതിരോധതാരം റിനോ ആന്‍റോയെ 90 ലക്ഷം രൂപയ്ക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയത് അപ്രതീക്ഷിത നേട്ടമായി. ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള മലയാളി താരമായി റിനോ ആന്‍റോ.

മധ്യനിര താരം തോയ് സിങ്ങിനെ ചെന്നൈയിന്‍ എഫ്.സി 86 ലക്ഷത്തിന് സ്വന്തമാക്കിയപ്പോള്‍ യുജിന്‍സണ്‍ ലിങ്‌ദോയെ 1.05 കോടി രൂപയ്ക്കും ജാക്കിചാന്ദ്‌സിങ്ങിനെ 45 ലക്ഷം രൂപയ്ക്കും പുണെ എഫ്‌സി സ്വന്തമാക്കി.

40 ലക്ഷം അടിസ്ഥാനവിലയുള്ള മലയാളി താരം അനസ് എടത്തൊടികയെ ഡല്‍ഹി ഡയനാമോസ് 41 ലക്ഷം രൂപയ്ക്കും വിളിച്ചെടുത്തു. ഇന്ത്യന്‍ സ്ട്രൈക്കര്‍ റോബിന്‍ സിങ്ങിന് 51 ലക്ഷവും ഗോളി കരണ്‍ജീത് സിങ്ങിന് 60 ലക്ഷവും ലഭിച്ചു.

മുംബൈയിലെ പലേഡിയം ഹോട്ടലിലാണ് ലേലം നടക്കുന്നത്. 22 കോടി രൂപയുടെ ‘ബിസിനസ്’ ഇന്നു നടന്നേക്കാമെന്നാണു കണക്കുകൂട്ടുന്നത്.

ഐഎസ്എല്‍ കളിക്കുന്ന എട്ടു ടീമുകളിലുമായി ഇതിനകം 64 കളിക്കാര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഓരോ ടീമിനും ഇന്ത്യക്കാരായ 13 കളിക്കാരെ റജിസ്റ്റര്‍ ചെയ്യാമെന്ന നിബന്ധന കഴിഞ്ഞ ദിവസം സംഘാടകര്‍ ഭേദഗതി ചെയ്തിരുന്നു.

Top