ഐഎസ്എല്‍: മുംബൈ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ രഹിത സമനില

കൊച്ചി: ഐഎസ്എല്ലിലെ രണ്ടാം ഹോംമാച്ചില്‍ മുംബൈ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ രഹിത സമനില. ആവേശകരമായ മത്സരത്തില്‍ കരുത്തരായ മുംബൈയെ ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിടിച്ചുകെട്ടി. മഞ്ഞക്കടലായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്കുമുന്നില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സാണ് ഭൂരിഭാഗം സമയവും കളി നിയന്ത്രിച്ചതെങ്കിലും ഫിനീഷിംഗിലെ പിഴവ് തിരിച്ചടിയായി.

മുന്‍ മത്സരങ്ങളിലെപ്പോലെ എതിരാളികള്‍ തുടക്കത്തില്‍ കത്തിക്കയറിയപ്പോള്‍ പമ്മിനിന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. കയറിയും ഇറങ്ങിയും കളി ചൂടുപിടിച്ചപ്പോള്‍ ഇരുഗോളികള്‍ക്കും പിടിപ്പത് പണിയായി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ വെട്ടിച്ച് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് മുംബൈ താരം സോണി നോര്‍ദെയുടെ ഉശിരന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടര്‍ നിഷ്പ്രയാസമാണ് കൈക്കുള്ളിലാക്കിയത്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ഫോര്‍കാഡയുടെ ലോംഗ് റേഞ്ച് ഗോള്‍ ശ്രമം മുംബൈ ഗോളി ദേബ്ജിത് മജുംദാര്‍ പണിപ്പെട്ടാണ് കുത്തിയകറ്റിയത്.

ആദ്യപകുതിയിലും രണ്ടാപകുതിയുടെ തുടക്കത്തിലും ഇരുടീമിന്റെയും നീക്കങ്ങള്‍ക്ക് അതിവേഗമുണ്ടായിരുന്നെങ്കില്‍ അവസാന നിമിഷങ്ങളില്‍ കളി തനി ഇന്ത്യനായി. ഗോളടിക്കാന്‍ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിലെ ഹീറോ സാഞ്ചസ് വാട്ടിനെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. വാട്ട് ഒരു സുവര്‍ണാവസരം പാഴാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ പോസ്റ്റില്‍ അവസാന പത്തു മിനിറ്റുകളില്‍ മൂന്നു സുവര്‍ണാവസരങ്ങള്‍ ഉണ്ടാക്കാനായെങ്കിലും മുംബൈയ്ക്കത് മുതലാക്കാനായില്ല.

പീറ്റര്‍ റാമേജെന്ന പ്രതിരോധത്തിലെ അതികായനാണ് മുംബൈയുടെ രണ്ട് സുവര്‍ണാവസരങ്ങള്‍ നിര്‍വീര്യമാക്കിയതെങ്കില്‍ മൂന്നാമത്തെ ഗോളെന്നുറച്ച ഷോട്ട് ഭാഗ്യത്തിന്റെ ബലത്തിലാണ് പോസ്റ്റില്‍ കയറാതിരുന്നത്. അവസാന നിമിഷം കളത്തിലെത്തിയ ഫ്രെഡറിക് പിക്കോനിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിതിരിച്ചെത്തുകയായിരുന്നു. മുംബൈ മുന്നേറ്റത്തില്‍ നിക്കാളാസ് അനല്‍ക്കയേയും സുനില്‍ ഛേത്രിയേയും കൂടാതെ ഇറങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് റാഫിയെ കരയ്ക്കിരുത്തി.

കളികാണാന്‍ മഞ്ഞയണിഞ്ഞ് റിക്കാര്‍ഡ് ജനക്കൂട്ടമാണ് കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 61483 പേരാണ് കളികാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.

രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും ഉള്‍പ്പെടെ നാലു പോയന്റോടെ പോയന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍. ആദ്യ മത്സരത്തില്‍ പുനെയോട് തോറ്റ മുംബൈ ഒരു പോയന്റുമായി ആറാമതാണ്.

Top