ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ഇത് നിര്‍ണായക മത്സരം

കൊച്ചി: ഐ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തിനായി ഇന്ന് ബ്ലാസ്റ്റേഴ്‌സ് പുനെയെ സ്വന്തം തട്ടകത്തില്‍ നേരിടും. ഓരോ ടീമിനും 13 മത്സരങ്ങള്‍ കഴിഞ്ഞ ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി നിര്‍ണയിക്കുന്ന മത്സരം കൂടിയാണിത്.

എന്നാല്‍, 4.30ന് ചെന്നൈയില്‍ നടക്കുന്ന ചെന്നൈയിന്‍-ഡല്‍ഹി ഡൈനാമോസ് മത്സരത്തിലേക്കാവും ബ്ലാസ്‌റ്റേഴ്‌സിന്റെയും ആരാധകരുടെയും കണ്ണും കാതും. ഡല്‍ഹി തോറ്റാല്‍ പുനെക്കെതിരെ ജയത്തോടെ സെമി സാധ്യത ഏതാണ്ടുറപ്പിക്കാനാവും. ഡല്‍ഹി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത പകുതി അടയും. പുനെയെ തോല്‍പിച്ച് ബുധനാഴ്ച അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ ഗോവ എഫ്.സിയുടെ ജയത്തിന് പ്രാര്‍ഥനയോടെ കാത്തിരിക്കേണ്ടിവരും ഡേവിഡും കൂട്ടരും.

പോയന്റ് പട്ടികയില്‍ ചെന്നൈയിനും (22), ഗോവയും (21) സെമി ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന രണ്ടുസ്ഥാനങ്ങളിലേക്ക് നാലുടീമുകള്‍ക്കും തുല്യസാധ്യത. കൊല്‍ക്കത്ത (18), ഡല്‍ഹി (17), ബ്ലാസ്റ്റേഴ്‌സ് (16), പുണെ (16) എന്നിവരാണ് ഒരു കളിയും ബാക്കി ഭാഗ്യത്തിനുമായി കാത്തിരിക്കുന്നത്.

ലീഗ് മത്സരങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാകും. ബുധനാഴ്ച കൊല്‍ക്കത്ത ഗോവയെയും നോര്‍ത് ഈസ്റ്റ് മുംബൈ സിറ്റിയെയും നേരിടും. പതിവുപോലെ ഗോളടിക്കാന്‍ മറക്കുന്നതാണ് ബ്‌ളാസ്റ്റേഴ്‌സിനെ വേട്ടയാടുന്നത്. സെമിയില്‍ കടന്നാല്‍, ഒരുമത്സരത്തിനു കൂടി കൊച്ചി വേദിയാവും.

Top